സൗദിയിലെ സ്‌കൂളുകളിൽ കായികവിനോദമായി യോഗ നടപ്പാക്കും
text_fieldsജുബൈൽ: സൗദിയിലെ സ്‌കൂളുകളിൽ കായിക വിനോദമെന്ന നിലയിൽ യോഗ ഉടൻ അവതരിപ്പിക്കുമെന്ന് സൗദി യോഗ കമ്മിറ്റി (എസ്.വൈ.സി) വ്യക്തമാക്കി. നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നതിനാൽ പാഠ്യപദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ പരിചയപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പരിപാടി നടത്തുകയെന്ന് എസ്.വൈ.സി പ്രസിഡന്റ് നൗഫ് അൽ മർവായ് പറഞ്ഞു.
2017 നവംബറിലാണ് രാജ്യത്ത് ഒരു കായിക വിനോദമെന്ന നിലക്ക് യോഗ പഠിപ്പിക്കാനും പരിശീലിക്കാനും വാണിജ്യ മന്ത്രാലയം അംഗീകാരം നൽകിയത്. എസ്.വൈ.സിയും സൗദി സ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷനും തമ്മിലെ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകളിൽ യോഗയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ച കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ചിരുന്നു.
സ്കൂൾ പ്രിൻസിപ്പൽമാരും ശാരീരിക വിദ്യാഭ്യാസ അധ്യാപകരും ഇതിൽ പങ്കെടുത്തു. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതിനാൽ യോഗയ്ക്ക് രാജ്യത്ത് നല്ല സ്വീകാര്യതയുണ്ടെന്ന് അൽ മർവായ് വ്യക്തമാക്കി.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വിദ്യാർത്ഥികളുടെ കായിക പങ്കാളിത്തം ഉയർത്താനും സൗദി യുവതയുടെ ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ആവശ്യകതയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. സർട്ടിഫൈഡ് യോഗ പരിശീലകനും ആനന്ദ യോഗ സ്റ്റുഡിയോയുടെ സ്ഥാപകനുമായ ഖാലിദ് ജമാഅൻ അൽ സഹ്‌റാനി യോഗത്തിൽ സംബന്ധിച്ചു.
രാജ്യത്തെ തങ്ങളുടെ സ്കൂൾ സംവിധാനവും അതിന്റെ എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികളുടെ ശാരീരികവും അക്കാദമികവുമായ വികസനത്തിന് സംഭാവന നൽകാൻ ലക്ഷ്യമിട്ടുള്ളതാണ്. സൗദി വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് യോഗ അവതരിപ്പിക്കുന്നത് പോഷകപ്രദവും ഫലപ്രദവുമായ നീക്കമാണ്. കുട്ടികൾക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന കൂടുതൽ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും സ്‌കൂളിൽ യോഗ നടത്തുന്നത് ഒരു നിക്ഷേപമാകുമെന്നും അൽ സഹ്‌റാനി പറഞ്ഞു.
എല്ലാവരും അവരുടെ ഫോണുകളിലും ടാബ്‌ലെറ്റുകളിലും മുഴുകുകയും വർത്തമാനത്തിൽനിന്ന് വ്യതിചലിക്കുകുകയും ചെയ്യുന്ന സാങ്കേതിക യുഗത്തിലാണ് നാം ജീവിക്കുന്നത്. ഇത് നമ്മുടെ ഏകാഗ്രതയെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ ഉള്ളിലുള്ളത് പ്രതിഫലിപ്പിക്കാൻ നമ്മുടെ യുവതയെ പരിശീലിപ്പിക്കാനും അച്ചടക്കം നേടാനും മനസ്സിനെ പരിപോഷിപ്പിക്കാനും യോഗ പരിശീലിപ്പിക്കേണ്ടതുണ്ട്.
എസ്.വൈസി.യുടെ വ്യാപ്തിയും ലക്ഷ്യങ്ങളും വിപുലീകരിക്കാൻ നിരവധി പദ്ധതികളുണ്ടെന്നും സ്‌കൂളുകളിൽ വലിയ തോതിൽ യോഗ നടപ്പാക്കാൻ പരിപാടിയുണ്ടെന്നും നൗഫ് അൽ മർവായ് പറഞ്ഞു. യോഗ പഠിപ്പിക്കുന്ന ആദ്യത്തെ സൗദി വനിതയാണ് മർവായ്. അറബ് യോഗ ഫൗണ്ടേഷൻ 2006-ൽ ആണ് സ്ഥാപിതമായത്. സൗദിയിലെ ആദ്യത്തെ യോഗാചാര്യ (സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടർ) കൂടിയാണ് നൗഫ് അൽ മർവായ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.