രാജ കാരുണ്യത്തിൽ ഒാഹി പുണ്യഭൂമിയിലെത്തി
text_fieldsജിദ്ദ: രാജ കാരുണ്യത്തിൽ ഹജ്ജിെൻറ നിർവൃതി ഏറ്റുവാങ്ങാൻ ഇന്തോനേഷ്യൻ വന്ദ്യവയോധികനും കുടുംബവുമെത്തി. ഒാഹി ഹൈദ്രോസ് സംരി എന്ന 95കാരനും ആറു പേരടങ്ങുന്ന കുടുംബവും ബുധനാഴ്ച രാവിലെയാണ് സൽമാൻ രാജാവിെൻറ അതിഥികളായി ഖാദിമുൽ ഹറമൈൻ പദ്ധതിക്ക് കീഴിൽ ഹജ്ജ്ചെയ്യാൻ പുണ്യഭൂമിയിൽ എത്തിയത്.
ജിദ്ദ വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണമാണ് വയോവൃദ്ധനും കുടുംബത്തിനും ലഭിച്ചത്. വിമാനത്താവള ഹജ്ജ് ഉംറ കാര്യ മേധാവി അബ്ദുൽ മജീദ് അഫ്ഗാനി, പാസ്പോർട്ട് വകുപ്പ് ഹജ്ജ് സേവന മേധാവി കേണൽ സാലിം അൽകഹ്താനി, പബ്ലിക് റിലേഷൻ മേധാവി തുർകി അൽദീബ് എന്നിവർ പൂക്കളും ഉപഹാരങ്ങളും നൽകി സ്വീകരിച്ചു.
പുണ്യഭൂമിയിലെത്താൻ സാധിച്ചതിൽ ഏറെ സന്തോഷിക്കുന്നതായി ഒാഹി പറഞ്ഞു. സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി രേഖപ്പെടുത്തി. മരിക്കുന്നതിനു മുമ്പ് ഹജ്ജിന് പോകണമെന്നത് പിതാവിെൻറ വലിയ അഭിലാഷമായിരുന്നുവെന്നും സൽമാൻ രാജാവ് പിതാവിനും ഞങ്ങൾക്കും ഹജ്ജിന് ആതിഥേയത്വം നൽകിയതിലൂടെ പിതാവിലെ ചിരകാലാഭിലാഷമാണ് നിറവേറിയിരിക്കുന്നതെന്നും മകൾ സീത്തീ റഹീല പറഞ്ഞു. സൗദി അറേബ്യയുടെ സാഹോദര്യ മനസ്സാണ് വിമാനത്താവളത്തിൽ ലഭിച്ച വലിയ സ്വീകരണത്തിലൂടെ ഞങ്ങൾക്ക് അനുഭവപ്പെട്ടതെന്നും അവർ പറഞ്ഞു.
ഏതാനും ദിവസം മുമ്പാണ് ഹജ്ജിനു അവസരമേകണമെന്ന് അഭ്യർഥിച്ച് ഒാഹിയുടെ വിഡിയോ വൈറലായത്. സാമ്പത്തിക പരാധീനതയുണ്ടെന്നും തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റാൻ സൽമാൻ രാജാവ് കനിയണമെന്നുമായിരുന്നു ഇവരുടെ വിഡിയോ സന്ദേശം. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സൽമാൻ രാജാവ് ഒാഹിക്കും കുടുംബത്തിനും ഹജ്ജിന് വരാൻ അവസരമൊരുക്കിയത്. വിവരം ഇന്തോനേഷ്യയിലെ സൗദി എംബസിയാണ് ഒാഹിയേയും കുടുംബത്തേയും അറിയിച്ചത്. ഇന്തോനേഷ്യൻ വിമാനത്താവളത്തിൽ ഹൃദ്യമായ യാത്രയയപ്പാണ് ഇവർക്ക് നൽകിയത്. സൗദി അംബാസഡർ ഇസാം സഖഫിയടക്കമുള്ളവർ ഒാഹിയെ യാത്രയയക്കാനെത്തിയിരുന്നു. ഹജ്ജ് നടപടികൾ സൗദി എംബസിയാണ് പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.