തന്നെ അണിയിച്ച കുഞ്ഞുടുപ്പ് സ്വന്തം കുഞ്ഞിനെയും അണിയിച്ച് യുവതി
text_fieldsറിയാദ്: നവജാത ശിശുവായിരുന്നപ്പോൾ തന്നെ അണിയിച്ച കുട്ടിയുടുപ്പ് 24 വർഷം സൂക്ഷിച്ചുവെച്ച് സ്വന്തം കുഞ്ഞിനെ അണിയിച്ച് യുവതി. പത്തനംതിട്ട സ്വദേശിയും റിയാദിൽ പ്രവാസിയുമായ ഹുസൈൻ താന്നിമൂട്ടിലിന്റെ മകൾ ഹനാനയാണ് താനണിഞ്ഞ കുഞ്ഞുടുപ്പ് തന്റെ കുഞ്ഞിനായി കാത്തുവെച്ചത്. 2000 ജൂൺ 24ന് സ്വദേശമായ പത്തനംതിട്ടയിലെ ഒരു ആശുപത്രിയിലായിരുന്നു ഹനാനയുടെ ജനനം. കുഞ്ഞിനെ അണിയിക്കാൻ കുട്ടിയുടുപ്പ് ഹുസൈൻ നേരത്തേ കൈയിൽ കരുതിയിരുന്നു. കാത്തിരുന്നുകിട്ടിയ കടിഞ്ഞൂൽസന്തതിയെ അണിയിച്ച ഉടുപ്പ് ഉപേക്ഷിക്കാൻ ഹുസൈന് തോന്നിയില്ല.
താനണിഞ്ഞ കുട്ടിയുടുപ്പാണെന്ന് മനസ്സിലാക്കിയ ഹനാന ഉപ്പയിൽനിന്ന് അതുവാങ്ങി അരുമയോടെ സൂക്ഷിച്ചു. വിവാഹിതയായി ജനിക്കുന്ന കുഞ്ഞിനെ അണിയിക്കുമെന്ന തീരുമാനത്തോടെ. ദീർഘകാലം മാതാപിതാക്കളോടൊപ്പം റിയാദിൽ കഴിഞ്ഞ ഹനാന പാലക്കാട് എടത്തനാട്ടുകര സ്വദേശി ഷഹദാദിനെയാണ് വിവാഹം കഴിച്ചത്. അതിനോടൊപ്പം പഠനവും തുടർന്നു. നിലവിൽ എം.സി.എ അവസാന സെമസ്റ്റർ വിദ്യാർഥിയാണ്. ഇതിനിടെ ഗർഭം ധരിച്ച ഹനാന മാസങ്ങൾ മുമ്പ് റിയാദിൽ ഉപ്പയുടെയും ഉമ്മയുടെയും അടുത്ത് തിരിച്ചെത്തി.
കഴിഞ്ഞ ജനുവരി 14ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം നൽകി. ഇൽഹാം ഷഹദാദ് എന്ന് പേരിട്ടു. 24 വർഷത്തിനുശേഷമായി സൂക്ഷിച്ചുവെച്ച കുട്ടിയുടുപ്പ് കുഞ്ഞിനെ അണിയിച്ചപ്പോഴും പുതുമ മാറിയിട്ടില്ല. താനണിഞ്ഞ അതേ ഉടുപ്പിട്ട് മകൻ കിടക്കുന്നത് കണ്ട് ഹനാനയുടെ ഉള്ളം നിറഞ്ഞു. മകളെയും പേരമകനെയും ഒരേ ഉടുപ്പിട്ട് ഭൂമിയിലേക്ക് വരവേൽക്കാനായതിന്റെ നിറവിലാണ് ഹുസൈനും ഭാര്യ സബീനയും. ബി.ബി.എ വിദ്യാർഥിയായ ആദിൽ ഹുസൈനാണ് ഹനാനയുടെ ഏകസഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.