സൗദിയുടെ സാമൂഹിക പരിഷ്കാരങ്ങളുടെ കാതൽ യുവതികൾ -സാറ അൽതമീമി
text_fieldsദമ്മാം: സൗദി അറേബ്യ അതിശക്തമായ സാമ്പത്തിക സാമൂഹിക പരിഷ്കാരങ്ങൾക്ക് വിധേയമാകുമ്പോൾ ഈ മാറ്റത്തിന്റെ കാതൽ സ്ത്രീകളും യുവാക്കളുമാണെന്ന് സൗദി മനുഷ്യാവകാശ കമീഷൻ ഡെപ്യൂട്ടി ചെയർപേഴ്സൻ സാറ അൽതമീമി.
ദുബൈയിൽ നടന്ന അറബ് വിമൻസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. സൗദിയിലെ സ്ത്രീകൾ എപ്പോഴും പ്രതിരോധശേഷിയുള്ളവരും കഠിനാധ്വാനികളുമായിരുന്നു. എന്നാൽ, അവസരങ്ങൾ ലഭ്യമല്ലാത്തതായിരുന്നു അവരുടെ വഴി തടഞ്ഞിരുന്നത്. സൗദിയുടെ സമഗ്ര സാമൂഹിക സാമ്പത്തിക പരിഷ്കാര പദ്ധതിയായ 'വിഷൻ 2030' അതിരുകളില്ലാത്ത ആകാശമാണ് പറക്കാൻ സൗദി സ്ത്രീകൾക്കായി തുറന്നിട്ടതെന്നും അവർ പറഞ്ഞു. തങ്ങളുടെ വഴി കണ്ടെത്താനും പിൻഗാമികൾക്കായി വഴിയൊരുക്കാനും പോരാടിയ സ്ത്രീകൾ സൗദിയിൽ ഉണ്ടായിരുന്നു. ഇന്ന് കൂടുതൽ സൗദി വനിതകൾ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതും വിവിധ മേഖലകളിൽ തിളങ്ങുന്നതും നാം കാണുന്നു. കഴിവില്ലായ്മ കൊണ്ടല്ല, അവസരങ്ങളുടെ അഭാവമായിരുന്നു എന്ന് നമുക്കത് വ്യക്തമാക്കിത്തരുന്നു. വിഷൻ 2030 സ്ത്രീകൾക്ക് എല്ലാ മേഖലയിലും തുല്യവും സമുന്നതവുമായ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. സൗദി വലിയൊരു സമൂഹമാണ്. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പരസ്പര പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ ലിംഗഭേദമില്ലാതെ മികച്ച വ്യക്തികൾക്ക് അവസരം നൽകുക എന്നതായിരിക്കണം ലക്ഷ്യമെന്നും അവർ പറഞ്ഞു. എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുക.
അതാണ് തങ്ങളുടെ കാഴ്ചപ്പാട് -അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് മുന്നിലുള്ള ഒരേയൊരു വെല്ലുവിളി, സ്വയം വിശ്വസിക്കുകയും എന്താണോ ആകാൻ ആഗ്രഹിക്കുന്നത് അതാകാൻ കഠിനാധ്വാനം ചെയ്യുകയുമാണ്. സ്വയം വിശ്വസിക്കുകയും തെറ്റുകൾ വരുത്തുന്നതിൽ കുഴപ്പമില്ലെന്ന് അറിയുകയും വേണം. കാരണം അത് വളരുന്നതിന്റെയും പഠിക്കുന്നതിന്റെയും മികവ് പുലർത്തുന്നതിന്റെയും ഭാഗമാണ് -അൽതമീമി പറഞ്ഞു. രാജ്യത്ത് സ്ത്രീകൾ നിലവിൽ ഒരു സുവർണ കാലഘട്ടമാണ് അനുഭവിക്കുന്നതെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റേതൊരു ഘട്ടത്തെക്കാളും കൂടുതൽ നാടകീയമായ വേഗത്തിൽ അവസരങ്ങൾ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. നിർമാണം, കാർ റിപ്പയർ ഷോപ്പുകൾ, പൊലീസ് സേന എന്നിവപോലെ സ്ത്രീകൾക്കുമുമ്പ് അടച്ചിട്ടിരുന്ന മേഖലകളും ഇപ്പോൾ സ്ത്രീകൾക്കുകൂടി തുറന്നുകൊടുത്തിരിക്കുകയാണ്. സൗദിയിൽ സർവകലാശാല ബിരുദങ്ങളിൽ സ്ത്രീകൾ ഏറ്റവും മുന്നിലാണെന്നും അവർ പറഞ്ഞു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം സൗദിയിലെ തൊഴിലാളികളിൽ 35 ശതമാനവും സ്ത്രീകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.