'ഇഷ്ടടീമായ അർജന്റീന സെമിയിലെത്തും, സെമിയിലെത്തിയാൽ ഫൈനലിൽ...പിന്നെ കിരീടവും!'
text_fieldsദോഹ: ലോകകപ്പിനായി നാളുകളെണ്ണി കാത്തിരിക്കുന്ന ഖത്തറിന്റെ മണ്ണിൽ ഫുട്ബാൾ ആവേശത്തിന് തിരികൊളുത്തി ഇന്ത്യൻ ഇതിഹാസം ഐ.എം. വിജയനെത്തി. കളിക്കാരനായും അതിഥിയായും പലതവണ ഖത്തറിൽ എത്തിയിട്ടുണ്ടെങ്കിലും അടിമുടി ലോകകപ്പ് ലഹരിയിലായ ഖത്തറിലേക്കുള്ള ഈ വരവിന് ഒരുപിടി പ്രത്യേകതയുണ്ട്. ലോകതാരങ്ങളുടെ തിളക്കമുള്ള പോരാട്ടത്തിന് വേദിയൊരുക്കി കാത്തിരിക്കുന്ന ഖത്തറിൽ ഇറങ്ങിയപ്പോൾ ഇന്ത്യയുടെ പൊൻതാരത്തിന്റെ കാലുകൾക്ക് പഴയ കുതിപ്പും പന്തടക്കവുമെത്തി. വാക്കുകൾകൊണ്ട് ഡ്രിബ്ൾ ചെയ്തും ഫ്രീ ക്വിക്ക് ഉതിർത്തും സ്വതസ്സിദ്ധ ശൈലിയിൽ വെട്ടിയും തിരിഞ്ഞും വിജയാരവം കുതിച്ചു പാഞ്ഞു.
സോൾ ഖത്തർ സംഘടിപ്പിക്കുന്ന ധനരാജ് -എ.എസ്. ഫിറോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് വിജയന്റെ വരവ്.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ദോഹയിൽ മാധ്യമങ്ങളുമായി സംവദിക്കവെ ഖത്തർ ലോകകപ്പിനെ കുറിച്ചും തന്റെ ലോകകപ്പ് അനുഭവങ്ങളെ കുറിച്ചുമെല്ലാം വിജയൻ വാചാലനായി. ഖത്തറിൽ ആര് കപ്പടിക്കുമെന്ന ചോദ്യത്തിന് 'കപ്പടിച്ച ശേഷം പറയാമെന്ന' ഉരുളയ്ക്കുപ്പേരി മറുപടി. ഇഷ്ട ടീമായ അർജന്റീന എവിടംവരെയെത്തുമെന്ന ചോദ്യത്തിന്, അർജന്റീന സെമിയിലെത്തും, സെമിയിലെത്തിയാൽ ഫൈനലിലും പിന്നെ കിരീടവും നേടുമെന്ന മറുപടിയുമായി പൊട്ടിച്ചിരി. ആരാവും ഖത്തറിലെ താരമെന്നതിനുമുണ്ടായിരുന്നു ഉശിരുള്ളൊരു സിസർകട്ട് ഉത്തരം. 'പതിവ് താരങ്ങൾ മാറട്ടെ... ഖത്തറിൽ പുത്തൻ താരങ്ങൾ ഉദിച്ചുയരട്ടെ...'
ധനരാജ് -എ.എസ്. ഫിറോസ് കൂട്ടുകാർ
എന്റെ കൂടെ കളിച്ച്, അകാലത്തിൽ പൊലിഞ്ഞുപോയ രണ്ടു കളിക്കാരുടെ ഓർമക്കായി സമർപ്പിച്ച ടൂർണമെന്റ് എന്ന നിലയിൽ ഏറെ വിശേഷപ്പെട്ടാണ് സോൾ ഖത്തറിന്റെ ചാമ്പ്യൻഷിപ്. വെറുമൊരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം നിസ്സഹായരായ കുടുംബത്തിന് സഹായമെത്തിക്കാനുള്ള സംഘാടകരുടെ മനസ്സിന് നന്ദി അർപ്പിക്കുന്നു.
ഖത്തർ ലോകകപ്പ് എന്റെ ഡബ്ൾ ഹാട്രിക്ക്
2002 ജപ്പാൻ-കൊറിയ ലോകകപ്പ് മുതൽ എല്ലാ ലോകകപ്പ് വേദികളിലും ഞാൻ പോവാറുണ്ട്. ഖത്തർ ലോകകപ്പ് എന്റെ ഡബ്ൾ ഹാട്രിക് ലോകകപ്പ് ആവുകയാണ്. 2006 ജർമനി, 2010 ദക്ഷിണാഫ്രിക്ക, 2014 ബ്രസീൽ, 2018 റഷ്യ തുടങ്ങി എല്ലാ ലോകകപ്പിലും ഞാൻ കളികാണാനെത്തിയിട്ടുണ്ട്. മലയാളികൾ ഏറെയുള്ള ഖത്തറിൽ ലോകകപ്പ് വരുമ്പോൾ അത് നമ്മുടെ കൂടി ലോകകപ്പാണ്. ഫുട്ബാളിന് ഏറ്റവും ആവേശം നൽകുന്ന രാജ്യമാണ് ഇന്ത്യ. കൊൽക്കത്തയല്ല, മലപ്പുറം അടങ്ങിയ മലബാർ മേഖലയാണ് ഇന്ത്യൻ ഫുട്ബാളിന്റെ മക്കയെന്നാണ് ഞാൻ എപ്പോഴും പറയാറ്.
മറ്റൊരു ഇന്ത്യൻ നഗരത്തിലും ഇല്ലാത്ത ഫുട്ബാൾ ആവേശമാണ് മലബാറിൽ കാണുന്നത്. ലോകകപ്പ് ഇവിടെയെത്തിച്ചതിൽ ഖത്തർ സർക്കാറിന് നന്ദി അറിയിക്കുന്നു. പതിവുപോലെ ഈ ലോകകപ്പിനും ഞാനുണ്ടാവും. ഒരുമാസം നമ്മൾക്ക് ആഘോഷിക്കാം.
ഖത്തർ പൊളിച്ചടുക്കും...
കോവിഡ് വെല്ലുവിളികളെ തരണം ചെയ്ത് ഏറ്റവും മികച്ച സൗകര്യത്തോടെയാണ് ഖത്തർ ലോകകപ്പ് വേദിയൊരുക്കുന്നത്. ചൂട് കാലാവസ്ഥയെ മാറ്റാൻ തണുപ്പുള്ള സ്റ്റേഡിയങ്ങൾ വരെ സംവിധാനിച്ചു. കുറഞ്ഞ ദൂരത്തിനുള്ളിൽ ഏറ്റവും മികച്ചൊരു ലോകകപ്പാണ് നടക്കാൻ പോവുന്നത്. ഈ ലോകകപ്പ് പൊളിച്ചടുക്കും.
അടുത്തടുത്ത് എട്ട് സ്റ്റേഡിയം; കളിക്കാർക്ക് സൗകര്യം
ചുരുങ്ങിയ ദൂരത്തിനുള്ളിൽ എല്ലാ സ്റ്റേഡിയങ്ങളും സജ്ജീകരിച്ചത് ഖത്തർ ലോകകപ്പിന്റെ വലിയ സവിശേഷതയാണ്. മുൻ ലോകകപ്പുകളിൽ ഓരോ വേദികൾക്കുമിടയിൽ വലിയ ദൂരമുണ്ടായിരുന്നുവെങ്കിൽ ഖത്തറിൽ അത് ചുരുങ്ങിയ ദൂരത്തിലാണ്.
കളിക്കാർക്ക് കൂടുതൽ യാത്രചെയ്യാതെ മത്സരങ്ങൾ കളിക്കാമെന്നത് വലിയ അനുഗ്രഹമാണ്. കളികാണുന്നവർക്കും 'കോംപാക്ട്' വേൾഡ് കപ്പ് എന്ന സൗകര്യം സൗഭാഗ്യമാവും.
മൈതാനത്തുവെച്ചു നേടിയ ഡോക്ടറേറ്റ് അഭിമാനം
ഫുട്ബാളിന്റെ നേട്ടങ്ങൾ വിലയിരുത്തിയാണ് റഷ്യയിലെ അർഹാങ്കിൽസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകിയത്. ഒരു അവാർഡ് എന്ന നിലയിലായിരുന്നു അവർ ക്ഷണിച്ചത്. അവിടെ ഒരു പ്രദർശനമത്സരവും നടന്നു. അതിനു ശേഷം, യൂനിവേഴ്സിറ്റിയുടെ ഗാലറിയിൽ കാണികളെ സാക്ഷിയാക്കി മൈതാനത്തുവെച്ച് അത്തരമൊരു ആദരവ് നേടാൻ കഴിഞ്ഞതായിരുന്നു ഏറ്റവും വലിയ സന്തോഷം.
പി.ടി. ഉഷയുടെ രാജ്യസഭാംഗത്വം കായിക കേരളത്തിന് അഭിമാനം
മികച്ച അത്ലറ്റായ പി.ടി. ഉഷക്ക് രാജ്യസഭ അംഗത്വം നൽകിയത് കായികരംഗത്തിനുള്ള ആദരവാണ്. ഒളിമ്പിക്സ് മുതൽ രാജ്യത്തിന് ഒട്ടേറെ അഭിമാനം സമ്മാനിച്ച അവർക്ക് ഏതൊരു സർക്കാറും നൽകുന്ന ആദരവിനെ കായിക പ്രേമികൾ അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. അതിൽ രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.