മൂന്നുദിവസം എക്സ്പോയിലെത്തിയത് 10ലക്ഷം പേർ; ആകെ സന്ദർശകർ 2.3 കോടി
text_fieldsദുബൈ: എക്സ്പോ ആരംഭിച്ചശേഷം ഏറ്റവും തിരക്കനുഭവപ്പെട്ട ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിശ്വമേള സന്ദർശിക്കാൻ എത്തിച്ചേർന്നത് 10 ലക്ഷത്തിലേറെ പേർ. മേള അവസാനിക്കുന്നതിനു മുമ്പത്തെ അവസാന വാരാന്ത്യ അവധി ദിവസങ്ങളായിരുന്നു ഇവ. പലർക്കും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അസുലാഭവസരമായതിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ് മിക്കവരും എത്തിച്ചേർന്നത്. ദുബൈ നിരത്തുകളിലും ബസുകളിലും മെട്രോയിലും സമീപകാലത്ത് ഏറ്റവും തിരക്ക് അനുഭവപ്പെട്ടതും ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു.
അതിനിടെ എക്സ്പോയിലെ ആകെ സന്ദർശകരുടെ എണ്ണം 2.3 കോടിയിലെത്തി. ഇതോടെ അന്താരാഷ്ട്ര എക്സ്പോ ബ്യൂറോ നിർണയിച്ച സന്ദർശകരുടെ എണ്ണം മറികടക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. 2.29 കോടിക്കും 2.54 കോടിക്കുമിടയിൽ സന്ദർശകരെത്തണമെന്നായിരുന്നു ദുബൈ എക്സ്പോ അതോറിറ്റിക്ക് അന്താരാഷ്ട്ര ബ്യൂറോ നൽകിയ നിർദേശം. രണ്ടുദിവസം മാത്രം ശേഷിക്കുന്ന എക്സ്പോയിൽ സമാപന ദിവസങ്ങളിൽ കഴിഞ്ഞ ദിവസത്തേതിന് സമാനമായ സന്ദർശകപ്രവാഹമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാപന ചടങ്ങിലെ പ്രത്യേക പരിപാടികൾ എല്ലാവർക്കും നേരിൽ കാണാൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അൽ വസ്ൽ പ്ലാസയിൽ നടക്കുന്ന സമാപന ചടങ്ങുകൾ എക്സ്പോ നഗരിയിലെ വിവിധയിടങ്ങളിൽ സ്ക്രീനിൽ കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
സമാപന ചടങ്ങിൽ എക്സ്പോ പതാക യു.എ.ഇ സഹിഷ്ണുതകാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ മുബാറക് ആൽ നഹ്യാൻ അന്താരാഷ്ട്ര എക്സ്പോസിഷൻ ബ്യൂറോ പ്രസിഡന്റിനും സെക്രട്ടറി ജനറലിനും കൈമാറും. ഇവർ ഇത് അടുത്ത എക്സ്പോ ആതിഥേയരായ ജപ്പാന്റെ പ്രതിനിധികൾക്ക് നൽകും. ജപ്പാനിലെ ഒസാകയിൽ 2025ലാണ് അടുത്ത വേൾഡ് എക്സ്പോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.