മൂന്നു വർഷത്തിൽ യു.എ.ഇയിലെത്തിയത് 10ലക്ഷം ഇസ്രായേലികൾ
text_fieldsദുബൈ: യു.എ.ഇ- ഇസ്രായേൽ ബന്ധത്തിൽ നാഴികക്കല്ലായ അബ്രഹാം കരാറിന് മൂന്നു വർഷം പൂർത്തിയായി. ഇക്കാലയളവിൽ ഇസ്രായേലിൽനിന്ന് ഇമാറാത്തിലേക്ക് 10 ലക്ഷത്തിലേറെ സന്ദർശകർ എത്തിച്ചേർന്നതായി തെൽ അവീവിലെ യു.എ.ഇ എംബസി വെളിപ്പെടുത്തി.
മൂന്നു വർഷം മുമ്പ് ഒരു വിമാന സർവിസ് പോലുമില്ലാതിരുന്ന സാഹചര്യത്തിൽനിന്ന് ഓരോ ആഴ്ചയും 106 സർവിസുകൾ എന്ന നിലയിലേക്ക് എത്തിച്ചേർന്നിട്ടുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം ശക്തമാകുന്നതിന്റെ തെളിവായാണിത് വിലയിരുത്തപ്പെടുന്നത്.
2020 സെപ്റ്റംബറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ-സാമ്പത്തിക ബന്ധം സ്ഥാപിക്കുന്ന അബ്രഹാം കരാറിൽ ഒപ്പുവെച്ചത്. പിന്നീട് വ്യാപാര, യാത്ര, വിനോദ സഞ്ചാര, വ്യവസായ മേഖലയിൽ നിരവധി സഹകരണ കരാറുകളിലും ഒപ്പുവെക്കുകയുണ്ടായി. പ്രധാനമായും നിർമിതബുദ്ധി അടക്കമുള്ള നവീന സാങ്കേതിക വിദ്യകളുടെ മേഖലയിലാണ് ഒപ്പുവെച്ചത്. ഇസ്രായേലുമായി സമഗ്ര സാമ്പത്തിക സഹകരണ കരാറിലും(സെപ) യു.എ.ഇ ഒപ്പുവെച്ചിട്ടുണ്ട്.
സെപ കരാറിൽ ഒപ്പുവെക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ രാജ്യമാണിത്. ഇതുവഴി യു.എ.ഇ ഉൽപന്നങ്ങൾക്ക് ഇസ്രായേൽ വിപണിയിൽ അതിവേഗം എത്തിച്ചേരാവുന്ന അവസ്ഥയുണ്ടായി. ഇസ്രായേലിലെ യു.എ.ഇ എംബസി എക്സിൽ(മുമ്പ് ട്വിറ്റർ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, അബ്രഹാം കരാർ ഒപ്പിട്ടതിന് ശേഷം യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 560കോടി ഡോളറിലെത്തിയിട്ടുണ്ട് (2055കോടി ദിർഹം). ചരക്കുകളുടെ വ്യാപാരം 2023ലെ ആദ്യ അഞ്ച് മാസങ്ങളിൽ 129കോടി ഡോളറിലെത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 91.25കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 41 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്.
2023 ജനുവരി-മേയ് കാലയളവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം 2021ലെ എല്ലാ വ്യാപാരത്തെയും മറികടന്നതായി എംബസി അറിയിച്ചു. യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഇസ്രായേലി കമ്പനികളുടെ എണ്ണം 70 പിന്നിട്ടുണ്ട്.
വിവിധ കമ്പനികൾ പ്രാദേശിക സ്ഥാപനങ്ങളുമായി 120 ലധികം കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.