ദുബൈ പൊലീസിന് 100 ‘ഔഡി’ കാറുകൾ
text_fieldsദുബൈ: എമിറേറ്റിലെ പൊലീസ് സേനക്ക് കൂടുതൽ മികവുറ്റ വാഹന ശേഖരം. 100 ഔഡി കാറുകൾകൂടി ദുബൈ പൊലീസിന് കരുത്തുപകരാൻ ലഭ്യമാക്കിയതായി പത്രക്കുറിപ്പിൽ അറിയിച്ചു.
പ്രമുഖ ഇമാറാത്തി സ്വകാര്യ കമ്പനിയായ അൽ നബൂല ഓട്ടോമൊബൈൽസുമായുള്ള സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് കാറുകൾ വാങ്ങിയത്. ഇലക്ട്രിക് വാഹനങ്ങളും ഏറ്റവും പുതിയ മോഡൽ ഔഡി വാഹനങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സയന്വയിപ്പിച്ച മോഡലുകളും കൂട്ടത്തിലുണ്ട്.
ദുബൈ പൊലീസ് ക്ലബിൽ നടന്ന ചടങ്ങിൽ അൽ നബൂല ഓട്ടോമൊബൈൽസ് കമ്പനിയും ദുബൈ പൊലീസ് അധികൃതരും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
സർക്കാർ സംവിധാനങ്ങളും സ്വകാര്യ മേഖലയും വിവിധ മേഖലകളിൽ സഹകരിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ ലഭ്യമാക്കുന്നതിന് അൽ നബൂലയുമായി ദുബൈ പൊലീസ് സഹകരിക്കുന്നതെന്ന് അസി.
കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി പറഞ്ഞു. ട്രാഫിക് പട്രോൾ സംവിധാനത്തിലേക്കാണ് പുതിയ വാഹനങ്ങൾ ഉൾപ്പെടുത്തുന്നത്. നഗരത്തിലെ ഗതാഗത മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ വാഹനങ്ങൾ വലിയ സംഭാവന ചെയ്യും.
പ്രവർത്തന മികവും മികച്ച ടെക്നോളജിയുമുള്ള ഔഡി വാഹനങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി. ദുബൈ പൊലീസിന് 100 ഔഡി കാറുകൾ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ടെന്നും ഭാവിയിലും കൂടുതൽ മേഖലയിൽ സഹകരിക്കാൻ ആഗ്രഹിക്കുന്നതായും അൽ നബൂല ഓട്ടോമൊബൈൽസ് സി.ഇ.ഒ കെ. രാജാറാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.