100 മില്യൺ മീൽസ്: ആഫ്രിക്കയിൽ വിതരണം ചെയ്തത് 7.50 ലക്ഷം ഭക്ഷണപ്പൊതി
text_fieldsദുബൈ: യു.എ.ഇയുടെ 100 മില്യൺ മീൽസ് പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ വിതരണം ചെയ്തത് 7.50 ലക്ഷം ഭക്ഷണപ്പൊതി. താൻസനിയ, കെനിയ, സെനഗൽ എന്നിവിടങ്ങളിലെ കുറഞ്ഞ വരുമാനക്കാർക്കും കുടുംബങ്ങൾക്കുമാണ് ഇത്രയധികം ഭക്ഷണം വിതരണം ചെയ്തത്. കാമ്പയിൻ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറും പ്രാദേശിക അധികൃതരും ചാരിറ്റികളും സഹകരിച്ചാണ് കാമ്പയിൻ നടത്തിയത്. അരി, മാവ്, എണ്ണ, പഞ്ചസാര എന്നിവയുൾപ്പെടെ എളുപ്പത്തിൽ സംഭരിക്കാവുന്ന ഭക്ഷ്യവസ്തുക്കളുടെ പാർസലുകളാണ് നൽകിയത്. അഞ്ചുപേരുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള ഭക്ഷണം വീതമാണ് വിതരണം ചെയ്തത്. താൻസനിയയിലെ ഡാർ എസ് സലാമിലെ യു.എ.ഇ എംബസിയുമായി ഏകോപിപ്പിച്ച് 2,40,000 ഭക്ഷണപ്പൊതി വിതരണം ചെയ്തു. കെനിയയിലെ െനെറോബിയിലെ യു.എ.ഇ എംബസി കേന്ദ്രീകരിച്ച് 3,42,000 ഭക്ഷണപ്പൊതിയും സെനഗലിലെ യു.എ.ഇ എംബസിയുടെ നേതൃത്വത്തിൽ 1,72,800 ഭക്ഷണപ്പൊതിയും വിതരണം ചെയ്തു.
സുഡാൻ, യമൻ, തുനീഷ്യ, ജോർഡൻ, ഫലസ്തീൻ, ലബനാൻ, ഈജിപ്ത്, ഇറാഖ്, തജികിസ്താൻ, കിർഗിസ്താൻ, കസാഖ്സ്താൻ, ഉസ്ബകിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ, നേപ്പാൾ, സിയറ ലിയോൺ, അംഗോള, ഘാന, യുഗാണ്ട, കെനിയ, സെനഗൽ, ഇത്യോപ്യ, താൻസനിയ, ബുറുണ്ടി, ബെനിൻ, കൊസോവോ, ബ്രസീൽ എന്നിങ്ങനെ 30 രാജ്യങ്ങളിലാണ് പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് 100 ദശലക്ഷം ഭക്ഷണപ്പൊതി കാമ്പയിൻ നടന്നത്. യു.എ.ഇയുടെ മാനുഷിക മൂല്യങ്ങളാണ് കാമ്പയിനിൽ പ്രതിഫലിക്കുന്നതെന്ന് എം.ബി.ആർ.സി.എച്ച് ബോർഡ് ഓഫ് ട്രസ്റ്റീസ് ഡെപ്യൂട്ടി ചെയർമാൻ ഇബ്രാഹിം മുഹമ്മദ് ബു മെൽഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.