ഡബ്ൾ സെഞ്ച്വറിയും കടന്ന് 100 മില്യൺ മീൽസ്
text_fieldsദുബൈ: റമദാനിൽ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇ ആസൂത്രണം ചെയ്ത 100 മില്യൺ മീൽസ് പദ്ധതി വഴി ഇതുവരെ വിതരണം ചെയ്തത് 216 ദശലക്ഷം ഭക്ഷണപ്പൊതികൾ. റമദാൻ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലക്ഷ്യത്തിെൻറ ഇരട്ടിയിലധികം ആളുകളിലേക്ക് ഭക്ഷണമെത്തിച്ചാണ് പദ്ധതി ദൗത്യം പൂർത്തിയാക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
ഇതാണ് യു.എ.ഇയെന്നും എെൻറ മനോഹരമായ രാജ്യത്തിെൻറ റമദാനിലെ സ്പിരിറ്റാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 3.85 ലക്ഷം പേരാണ് ഇതിൽ പങ്കാളികളായത്. 30 രാജ്യങ്ങളിലേക്ക് പദ്ധതിയുടെ സഹായം എത്തിയതായും ശൈഖ് മുഹമ്മദ് അറിയിച്ചു. 51 രാജ്യങ്ങളിൽ നിന്നുള്ളവർ സംഭാവന നൽകി. 20 ദശലക്ഷം ഭക്ഷണപ്പൊതികൾക്കുള്ള സഹായം എത്തിയത് എസ്.എം.എസ് സന്ദേശം വഴിയായിരുന്നു. 70 ദശലക്ഷം ഭക്ഷണപ്പാെതികൾ സ്വകാര്യ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്തു. യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ സംഭാവനകളെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. മനുഷ്യസ്നേഹത്തിെൻറ ആഗോള തലസ്ഥാനമാണ് യു.എ.ഇ എന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
സുഡാൻ, സോമാലിയ, യമൻ, തുനീഷ്യ, ജോർഡൻ, ഫലസ്തീൻ, ലബനാൻ, ഈജിപ്ത്, ഇറാഖ്, സിയറ ലിയോൺ, അംഗോള, ഘാന, യുഗാണ്ട, കെനിയ, സെനഗാൾ, ഇത്യോപ്യ, താൻസനിയ, ബുറുണ്ടി, ബെനിൻ, തജികിസ്താൻ, കിർഗിസ്താൻ, കസാഖ്സ്താൻ, ഉസ്ബകിസ്താൻ, പാകിസ്താൻ, കൊസോവോ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഭക്ഷണമെത്തിച്ചത്. ഭക്ഷണ വിതരണത്തിെൻറ 20 ശതമാനവും ഫലസ്തീനിലെ ദുരിതമനുഭവിക്കുന്നവർക്കും ജോർഡൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലുമാണ് നൽകിയത്. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറ്, പ്രാദേശിക ഫുഡ് ബാങ്കിങ് നെറ്റ്വർക്കുകൾ, ജീവകാരുണ്യ സംഘടനകൾ എന്നിവ വഴിയായിരുന്നു ഭക്ഷണ വിതരണം. 12 ഫുഡ് ബാങ്കുകളും ഒമ്പത് ജീവകാരുണ്യ സംഘടനകളും ഭക്ഷണവിതരണത്തിൽ പങ്കാളികളായി. മിഡിലീസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഭക്ഷണമെത്തിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് യു.എ.ഇ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിെൻറ തെളിവാണ് പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയെന്ന് ക്യാബിനറ്റ് കാര്യ മന്ത്രിയും മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) സെക്രട്ടറി ജനറലുമായ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. പദ്ധതിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഓൺലൈനായും നേരിട്ടും ലേലം നടത്തിയിരുന്നു. ലോകപ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികളും അന്താരാഷ്ട്ര കായിക താരങ്ങൾ ഒപ്പുവെച്ച ജഴ്സിയുമെല്ലാം ലേലത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.