100 മില്യൻ; മീൽസ് ആവേശകരമായ പ്രതികരണം; ലക്ഷ്യം 90 ശതമാനം പിന്നിട്ടു
text_fieldsദുബൈ: ലോകത്തിെൻറ വിശപ്പകറ്റാൻ യു.എ.ഇ നടപ്പിലാക്കുന്ന 100 മില്യൻ മീൽസ് കാമ്പയിന് ലഭിക്കുന്നത് അതിശയിപ്പിക്കുന്ന സാമൂഹിക പിന്തുണ. പദ്ധതി പ്രഖ്യാപിച്ച് 10 ദിവസം കൊണ്ട് തന്നെ ഏതാണ്ട് 90 ശതമാനം ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു. ആദ്യ ആഴ്ചയിൽ തന്നെ ലക്ഷ്യം 50 ശതമാനം പൂർത്തീകരിച്ചിരുന്നു. മേഖലയിലുടനീളമുള്ള നിർദ്ധനർക്ക് 10 കോടി ഭക്ഷണപ്പൊതികളെത്തിക്കുന്ന പദ്ധതി സമൂഹവും വ്യക്തികളും നെഞ്ചേറ്റിയതിൽ സന്തോഷമുണ്ടെന്നും ഔദാര്യം നിറഞ്ഞ മനസ്സുകൾക്ക് നന്ദി പറയുന്നതായും മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എം.ബി.ആർ.ജി.ഐ) ഡയറക്ടർ സാറാ അൽ നുഐമി വ്യക്തമാക്കി.
ജനജീവിതത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി നിലനിൽക്കുമ്പോൾ തന്നെ രണ്ടാമത്തെ റമദാനിൽ ഇമാറാത്തി മണ്ണിൽ ജീവിക്കുന്നവരെയും ഒപ്പം സമീപരാജ്യങ്ങളെയും ചേർത്തുപിടിക്കാൻ 10 കോടിയിൽപരം ഭക്ഷണപ്പൊതികൾ അർഹരുടെ കൈകളിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതിയാണ് '100 മില്യൻ മീൽസ്' കാമ്പയിൻ.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ 20 രാജ്യങ്ങളിൽ പ്രതിസന്ധിയിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കുമാണ് ഭക്ഷണമെത്തിക്കുന്നത്. സുഡാൻ, ലെബനൻ, ജോർദാൻ, പാകിസ്ഥാൻ, അംഗോള, ഉഗാണ്ട, സിയറ ലിയോൺ, ഘാന, ടാൻസാനിയ, സെനഗൽ, ഈജിപ്ത്, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ ഗുണഭോക്താക്കൾക്ക് മഹാമാരിക്കാലത്ത് പദ്ധതി താങ്ങാവും. താഴ്ന്ന വരുമാനക്കാർ, തൊഴിലാളികൾ, കോവിഡ് ദുരിതത്താൽ വലയുന്നവർ, ജോലി നഷ്ടമായവർ എന്നിവരെ സഹായിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
ദുബൈയിൽ താമസിക്കുന്ന 115 ഓളം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ, പൊതുജനങ്ങൾ, സ്വകാര്യ കമ്പനികൾ, താമസക്കാർ, ചാരിറ്റി സംഘടനകൾ, സംരംഭകർ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, ചാരിറ്റി പ്രവർത്തകർ എന്നിവർക്കൊപ്പം സാധാരണക്കാരെയും പങ്കാളികളാക്കിയാണ് 'ഒരു ദിർഹമിന് ഒരു ഭക്ഷണപ്പൊതി' കാമ്പയിനിലൂടെ സംഭാവനകൾ സ്വീകരിക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിൽ ഭക്ഷണം നൽകുന്നത് യുഎഇയിൽ നിന്ന് മനുഷ്യരാശിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഒന്നാണെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ടു ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പറഞ്ഞു.
കഴിഞ്ഞ റമദാൻ മാസത്തിൽ യുഎഇയിൽ നടന്ന '10 മില്യൻ മീൽസ്' കാമ്പയിൻ വിപുലീകരിച്ചാണ് ഇത്തവണ '100 മില്യൻ മീൽസ്' പദ്ധതി ഒരുക്കിയത്. കഴിഞ്ഞ വർഷം രാജ്യത്തിനുള്ളിൽ മാത്രമായിരുന്നു ഭക്ഷണവിതരണമെങ്കിൽ ഇത്തവണ പത്ത് മടങ്ങ് വർദ്ധിപ്പിച്ച്, സമീപ രാജ്യങ്ങളിലുള്ളവർക്കും കരുതലൊരുക്കുകയാണ്. വികസ്വര രാജ്യങ്ങളിൽ പട്ടിണിയും പോഷകാഹാരക്കുറവും വരുത്തിവെക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരവും ഭക്ഷ്യസുരക്ഷയുമാണ് ലക്ഷ്യമെന്ന് എം.ബി.ആർ.ജി.ഐ ഡയറക്ടർ സാറാ അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.