100 മില്യൺ മീൽസ്: ഫണ്ട് ശേഖരണത്തിന് ദുബൈയിൽ വമ്പൻ ലേലം
text_fieldsദുബൈ: നിർധനർക്കും തൊഴിലാളികൾക്കും അന്നമെത്തിക്കുന്ന '100 മില്യൺ മീൽസ്' പദ്ധതിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി കലാ സൃഷ്ടികൾ ലേലത്തിന് വെക്കും. ശനിയാഴ്ച ജുമൈറ മന്ദരിൻ ഓറിയൻറലിലാണ് ലേലം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരമാണ് '100 മില്യൺ മീൽസ്' പദ്ധതി 30 രാജ്യങ്ങളിലായി നടപ്പാക്കുന്നത്. റമദാനിൽ 10 കോടി ഭക്ഷണപ്പൊതികൾ എത്തിക്കുകയാണ് ലക്ഷ്യം.ശൈഖ് മുഹമ്മദ് നൽകിയ സ്വർണത്തിലും വെള്ളിയിലും അലങ്കരിച്ച കഅ്ബയുടെ കിസ്വയാണ് ലേലത്തിെൻറ മുഖ്യ ആകർഷണം.
പാേബ്ലാ പിക്കാസോ, നെൽസൺ മണ്ടേല, സാൽവദോർ -ദാലി, ഹെൻറി മറ്റിസെ എന്നിവരുടെ കലാസൃഷ്ടികളും ലേല വേദിയിലെത്തും. ബ്രിട്ടീഷ് കലാകാരൻ സച്ച ജാഫ്രി ദുബൈയിൽ ഒരുക്കിയ ലോകത്തിലെ ഏറ്റവും വലിയ കാൻവാസും ലേലത്തിനുണ്ടാവും. ഹോളിവുഡ് താരം വിൽസ്മിത്തായിരിക്കും ഇത് പുറത്തിറക്കുക. ലോകത്തിലെ ഏറ്റവും വലിയ കാൻവാസായി ഇത് ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. 100 മില്യൺ മീൽസ് പദ്ധതിയുടെ ഭാഗമായി 30 വരെ മറ്റൊരു ലേലവും നടക്കുന്നുണ്ട്. 19ന് തുടങ്ങിയ ലേലത്തിൽ 53 ഇനങ്ങളാണ് പ്രദർശനത്തിനുള്ളത്.
ലോകോത്തര ഫുട്ബാൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്യൂത് ഓസിൽ, നിക്കോളാസ് അനൽക, ടെന്നിസ് താരം റാഫേൽ നദാൽ എന്നിവർ ഒപ്പുവെച്ച ജഴ്സികളും ലേലത്തിനുണ്ട്. ഈ ലാലീഗയിലെ ഓഫിഷ്യൽ ബാൾ, നെൽസൺ മണ്ടേലയുടെ വരകൾ എന്നിവയും ഓൺലൈൻ ലേലത്തിലുണ്ട്. www.100millionmeals.ae/auction എന്ന വെബ്സൈറ്റ് വഴി ലേലത്തിൽ പങ്കെടുക്കാൻ കഴിയും. 100 മില്യൺ മീൽസ് പദ്ധതി കഴിഞ്ഞ ദിവസം 10 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു.
ആഫ്രിക്കയിലെ ബെനിൻ, സെനഗൽ, കസാഖ്സ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഏഷ്യയിലെ കിർഗിസ്ഥാൻ, നേപ്പാൾ, യൂറോപ്പിലെ കൊസോവോ, തെക്കേ അമേരിക്കയിലെ ബ്രസീൽ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് പദ്ധതി വ്യാപിപ്പിച്ചത്. നേരത്തേ പാകിസ്താൻ, ജോർഡൻ, ഈജിപ്ത് എന്നിവിടങ്ങളിൽ ഭക്ഷണപ്പൊതി വിതരണം തുടങ്ങിയിരുന്നു.
മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിലെ നിരാലംബരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷണപ്പൊതി എത്തിക്കാനാണ് ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി, ഫുഡ് ബാങ്കിങ് പ്രാദേശിക നെറ്റ്വർക്കുകൾ, പ്രാദേശിക സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഈ രാജ്യങ്ങളിലേക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുന്നത്. ഇതുവരെ ലക്ഷ്യത്തിെൻറ 86 ശതമാനവും പൂർത്തീകരിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.