100 മില്യൻ മീൽസ് പദ്ധതി: ദുബൈയിലെ എം.ബി.ആർ.സി.എച്ച് 20 ദശലക്ഷം ദിർഹം സംഭാവന നൽകും
text_fieldsദുബൈ: മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ 20 രാജ്യങ്ങളിലെ പ്രതിസന്ധിയിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷണപ്പൊതികളെത്തിക്കുന്ന 100 മില്യൻ മീൽസ് പദ്ധതിക്ക് ആശാവഹമായ പ്രതികരണം സമൂഹത്തിൽനിന്ന് ലഭിച്ചുതുടങ്ങി. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറ് (എം.ബി.ആർ.സി.എച്ച്) 20 മില്യൻ ദിർഹം സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചു.
ജനജീവിതത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി നിലനിൽക്കുമ്പോൾ തന്നെ രണ്ടാമത്തെ റമദാൻ കടന്നെത്തുന്ന പശ്ചാത്തലത്തിൽ, ഇമാറാത്തി മണ്ണിൽ ജീവിക്കുന്നവരെയും ഒപ്പം സമീപരാജ്യങ്ങളെയും ചേർത്തുപിടിക്കാൻ 10 കോടിയിൽപരം ഭക്ഷണപ്പൊതികൾ അർഹരുടെ കൈകളിലേക്ക് എത്തിക്കുന്ന '100 മില്യൻ മീൽസ്' പദ്ധതി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ തന്നെ പ്രശംസ പിടിച്ചുപറ്റിയ കഴിഞ്ഞ തവണത്തെ '10 മില്യൻ മീൽസ്' കാമ്പയിൻ വിപുലീകരിച്ച് പ്രഖ്യാപിച്ച '100 മില്യൻ മീൽസ്' പദ്ധതി യു.എ.ഇയിലെ അർഹർക്കൊപ്പം മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്കും ഭക്ഷണപ്പൊതികളെത്തിക്കും. താഴ്ന്ന വരുമാനക്കാർ, തൊഴിലാളികൾ, കോവിഡ് ദുരിതത്താൽ വലയുന്നവർ, ജോലി നഷ്ടമായവർ എന്നിവരെ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
ദുബൈയിൽ താമസിക്കുന്ന 115 ഓളം രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർ, പൊതുജനങ്ങൾ, സ്വകാര്യ കമ്പനികൾ, താമസക്കാർ, ചാരിറ്റി സംഘടനകൾ, സംരംഭകർ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, ചാരിറ്റി പ്രവർത്തകർ എന്നിവരിൽനിന്നും പിന്തുണ സ്വീകരിച്ച് സുഡാൻ, ലബനാൻ, ജോർഡൻ, പാകിസ്താൻ, അംഗോള, യുഗാണ്ട, ഈജിപ്ത് തുടങ്ങി 20 രാജ്യങ്ങളിലെ നിർധനരായ കുടുംബങ്ങൾക്ക് റമദാനിൽ ഭക്ഷണമെത്തിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 'ഒരു ദിർഹമിന് ഒരു ഭക്ഷണപ്പൊതി' എന്ന കാമ്പയിനിലൂടെ ആർക്കും പദ്ധതിയിലേക്ക് സംഭാവനകൾ ചെയ്യാം. പ്രതിസന്ധിയിൽ കഴിയുന്ന ലോകജനതക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
വിശുദ്ധ റമദാൻ മാസത്തിൽ ഭക്ഷണം നൽകുന്നത് യു.എ.ഇയിൽ നിന്ന് മനുഷ്യരാശിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഒന്നാണെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ടു ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പറഞ്ഞു. ലോക പട്ടിണിയെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളോടുള്ള യു.എ.ഇയുടെ പ്രതികരണത്തിെൻറ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
കോവിഡ് മാഹാമാരി പൊട്ടിപ്പുറപ്പെട്ടതിലൂടെ ലോകത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ കൂടുതൽ അരക്ഷിതാവസ്ഥയിലേക്കും ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ആഴ്ന്നു പോയി. 2030ഓടെ ലോകത്തെ പട്ടിണി അവസാനിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ രണ്ടാമത്തേത് നേടുന്നതിന് അന്താരാഷ്ട്ര സമൂഹത്തെ സഹായിക്കാനും ഈ കാമ്പയിൻ ലക്ഷ്യമിടുന്നു.
യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജനൽ നെറ്റ്വർക്ക്, ഗുണഭോകൃത രാജ്യങ്ങളിലെ മാനുഷിക, ചാരിറ്റി സംഘടനകൾ, മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറ് (എം.ബി.ആർ.സി.എച്ച്), യു.എ.ഇ ഫെഡറൽ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് എം.ബി.ആർ.ജി.ഐ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.