കുട്ടികളുടെ പ്രതിഭ വളർത്താൻ പദ്ധതി
text_fieldsദുബൈ: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 1000 വിദ്യാർഥികളെ ശാക്തീകരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വൻപദ്ധതിക്ക് തുടക്കമിട്ട് യു.എ.ഇ. സ്കൂൾ സമയം കഴിഞ്ഞാൽ എല്ലാ സർക്കാർ സ്കൂളുകളും കമ്മ്യൂണിറ്റി സെൻററാക്കി മാറ്റാൻ ലക്ഷ്യമിടുന്ന‘ഫരീജുനാ സ്കൂൾ പദ്ധതി’ വഴി ശാസ്ത്രം, സാഹിത്യം, സംസ്കാരം, കായികം, കല എന്നിവയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുമെന്നാണ് പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. പ്രാരംഭ പരീക്ഷണ ഘട്ടത്തിൽ തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകളിൽ കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ സജീവമാക്കും. രണ്ടാം ഘട്ടത്തിൽ പ്രോഗ്രാമുകൾ വിദ്യാർഥികളിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തും. മൂന്നാം ഘട്ടത്തിൽ രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളെയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കും.
‘ഫരീജുനാ സ്കൂൾ പദ്ധതി’യിൽ കായികം, സംസ്കാരം, ശാസ്ത്രം, സാഹിത്യം, കല എന്നിവ കൂടാതെ, എമിറാത്തി കുട്ടികളിൽ സാമൂഹിക കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘അൽ സനാ’ ഉൾപ്പെടെയുള്ള വിവിധ പരിപാടികളും വിപുലമായ പ്രവർത്തനങ്ങളും ഉൾപ്പെടുമെന്ന് എമിറേറ്റ്സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷനിലെ പാഠ്യേതര പ്രവർത്തന വിഭാഗം ആക്ടിങ് ഹെഡ് മുബാറക് അൽ ഹമ്മദി പറഞ്ഞു.
കുടുംബങ്ങളെ ഒരിടത്ത് ഒരുമിച്ചുകൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുടുംബാംഗങ്ങൾ സ്കൂൾ പോലുള്ള ഒരിടത്ത് ഒത്തുകൂടുമ്പോൾ ഐക്യം വർധിക്കും. എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും കേന്ദ്ര മീറ്റിങ് പോയിൻറായി സ്കൂൾ മാറുന്നു. ഔദ്യോഗിക സ്കൂൾ സമയത്തിന് ശേഷം രക്ഷിതാക്കൾക്ക് കുട്ടികളെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെടുത്താൻ കഴിയും -അൽ ഹമ്മദി കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ മേഖലയിലെ പരിവർത്തന പദ്ധതികളിലൊന്നാണിതെന്നും സർക്കാർ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാര്യമായ മാറ്റത്തിനിത് കാരണമാകുമെന്നും പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രി സാറാ ബിൻത് യൂസുഫ് അൽ അമീരി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്കൂളുകൾ ക്രിയാത്മകമായ ഇടപെടലുകൾക്കും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കും ഇടം നൽകും. വിദ്യാർഥിയുടെ വീടിന് സമീപമുള്ള സുരക്ഷിതവും എത്തിച്ചേരാവുന്നതുമായ അന്തരീക്ഷത്തിലാണ് പ്രോഗ്രാം നടത്തുന്നത്.
സമൂഹത്തിനും കുടുംബങ്ങൾക്കുമിടയിൽ ഐക്യവും ഐക്യവും വളർത്തിയെടുക്കുന്നതിലൂടെ, ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ പദ്ധതി ലക്ഷ്യമിടുന്നു -കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതി വിജയകരമായാൽ മറ്റു സ്കൂളുകളിലും നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.