2022ൽ പിടിയിലായത് 10,000 അനധികൃത താമസക്കാർ
text_fieldsദുബൈ: യു.എ.ഇയിൽ കഴിഞ്ഞ വർഷം 10,576 അനധികൃത താമസക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ വെളിപ്പെടുത്തി.
സ്പോൺസറെ വഞ്ചിച്ച് ഒളിച്ചോടിയവർ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവർ, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവർ, വ്യാജ റെസിഡൻസ് പെർമിറ്റോ വിസയോ ഉണ്ടാക്കിയവർ, ഔദ്യോഗിക അനുമതിയില്ലാതെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്തവർ, വിസിറ്റ് വിസയിലെത്തി ജോലി ചെയ്തവർ എന്നിങ്ങനെയുള്ളവരെയാണ് അധികൃതർ പിടികൂടിയത്. ഇത്തരത്തിൽ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഫോർ നാഷനാലിറ്റി ആൻഡ് റെസിഡൻസ് ഫയൽ ചെയ്ത കേസുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
2021നെ അപേക്ഷിച്ച് അനധികൃത താമസക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ചെറിയ കുറവുണ്ടായിട്ടുണ്ട്.
2021ൽ 10,790 പേർക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്. 2010 മുതൽ, യു.എ.ഇ തൊഴിൽ നിയമം ചില നിബന്ധനകൾക്ക് വിധേയമായി മുഴുസമയ ജോലിയോടൊപ്പം പാർട്ട്ടൈം ജോലിയും ചെയ്യാൻ അനുവദിക്കുന്നുണ്ട്.
മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽനിന്ന് വർക് പെർമിറ്റ് ലഭിച്ചതിനുശേഷം മാത്രമേ ജീവനക്കാരന് പാർട്ട്ടൈം ജോലി ചെയ്യാവൂ എന്നാണിതിൽ പറയുന്നത്.
എന്നാൽ, ഈ നിയമം പലരും ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാർട്ട്ടൈം വർക് പെർമിറ്റിന് 100 ദിർഹം അപേക്ഷഫീസും 500 ദിർഹം അപ്രൂവൽ ഫീസുമാണ് നൽകേണ്ടത്. ഫെഡറൽ നിയമമനുസരിച്ച് ഔദ്യോഗിക അനുമതിയില്ലാതെ മറ്റൊരു കമ്പനിയിൽ പ്രവാസി ജോലി ചെയ്യുന്നത് പിടിക്കപ്പെട്ടാൽ, നിയമനം നൽകുന്ന കമ്പനിക്ക് 50,000 ദിർഹം പിഴ ചുമത്തും.
വിസ കാലാവധി കഴിഞ്ഞു തങ്ങുന്നവരിൽനിന്ന് നിശ്ചിത പിഴയാണ് അധികൃതർ ഈടാക്കുന്നത്. സന്ദർശന, ടൂറിസ്റ്റ്, റെസിഡൻസ് വിസയിലെത്തി അധികമായി താമസിച്ചാൽ പ്രതിദിനം 50 ദിർഹമാണ് പിഴയായി നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.