ദുബൈ ബസപകടം പരിക്കേറ്റ ഇന്ത്യൻ യുവാവിന് 11.5കോടി നഷ്ടപരിഹാരം
text_fieldsദുബൈ: മൂന്നര വര്‍ഷം മുമ്പ് ദുബൈയിലുണ്ടായ ബസപകടത്തില്‍ പരിക്കേറ്റ ഇന്ത്യൻ യുവാവിന് ദുബൈ കോടതി 50 ലക്ഷം ദിര്‍ഹം(ഏകദേശം 11.5കോടി രൂപ) നഷ്ടപരിഹാരം വിധിച്ചു. 2019 ജൂണിലാണ് ഒമാനില്‍ നിന്ന് പുറപ്പെട്ട ബസ് ദുബൈ റാശിദിയയില്‍ അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ സാരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയും റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിയുമായിരുന്ന മുഹമ്മദ് ബൈഗ് മിര്‍സ എന്ന യുവാവിനാണ് വൻതുക നഷ്ടപരിഹാരം വിധിച്ചത്.
കേസ് ഏറ്റെടുത്തു നടത്തിയ ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് അധികൃതർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പെരുന്നാള്‍ ആഘോഷത്തിനിടെയുണ്ടായ അപകടം യു.എ.ഇയിലെ വലിയ റോഡപകടങ്ങളിലൊന്നായിരുന്നു. റാശിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എൻട്രി പോയന്റിലെ ഹൈബാറില്‍ ബസിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ ഇടത് മുകള്ഭാഗം പൂർണമായും തകരുകയും 12 ഇന്ത്യക്കാരടക്കം 17 പേർ മരിക്കുകയും ചെയ്തിരുന്നു.നഷ്ടപരിഹാരത്തുകക്ക് ലഭിച്ച മുഹമ്മദ് ബൈഗ് മിർസക്ക് അപകടം നടക്കുമ്പോൾ 20 വയസ്സായിരുന്നു. റമദാൻ, ഈദ് അവധിക്കാലം ബന്ധുക്കളോടൊപ്പം ചെലവഴിക്കാൻ മസ്കത്തിലേക്ക് പോയി മടങ്ങിവരുമ്പോഴാണ് ഇദ്ദേഹം അപകടത്തില്‍പ്പെട്ടത്. രണ്ടര മാസത്തോളം ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് 14 ദിവസത്തോളം അബോധാവസ്ഥയിൽ തന്നെയായിരുന്നു. ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ ശേഷം നീണ്ടകാലം പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടി. ഇതോടെ പഠനവും മറ്റും നിലച്ചിരുന്നു.
പരിക്കുകളുടെ ഗുരുതരാവസ്ഥയും ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകളും പരിഗണിച്ചാണ് ദുബൈ കോടതി നഷ്ടപരിഹാരത്തുക വിധിച്ചത്. തുക ബസിന്റെ ഇൻഷുറൻസ് കമ്പനിയാണ് നൽകേണ്ടത്. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടന്റ് ഈസാ അനീസ്, അഡ്വ. യു.സി അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസിൽ എന്നിവരാണ് മുഹമ്മദ് ബൈഗ് മിര്സക്കുവേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്. വാർത്തസമ്മേളനത്തിൽ മുഹമ്മദ് ബെയ്ഗിന്റെ മാതാപിതാക്കളായ മിർസ ഖദീർ ബെയ്ഗ്, സമീറ നസീർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.