വിജയികളെ കാത്തിരിക്കുന്നത് 12 കോടി
text_fieldsദുബൈ: കുട്ടിക്രിക്കറ്റിെൻറ ജേതാക്കളെ കാത്തിരിക്കുന്നത് 16 ലക്ഷം ഡോളർ (12 കോടി രൂപ). രണ്ടാം സ്ഥാനക്കാർക്ക് എട്ടുലക്ഷം ഡോളറും (ആറ് കോടി രൂപ) സമ്മാനമായി നൽകും. പങ്കെടുക്കുന്ന ടീമുകൾക്ക് നൽകുന്ന തുകയും മറ്റ് സമ്മാനങ്ങളുമുൾപ്പെടെ 56 ലക്ഷം ഡോളറാണ് (42 കോടി രൂപ) ലോകകപ്പിെൻറ സമ്മാനമായി ഐ.സി.സി നീക്കിവെച്ചിരിക്കുന്നത്. സെമിഫൈനലിൽ തോൽക്കുന്ന ടീമുകൾ നാല് ലക്ഷം ഡോളർ വീതം ലഭിക്കും. ആദ്യ റൗണ്ടിൽ ജയിക്കുന്ന ടീമിന് ഓരോ മത്സരത്തിനും 40,000 ഡോളർ വീതം ലഭിക്കും. സൂപ്പർ 12ൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന എട്ട് ടീമുകൾക്ക് 70,000 ഡോളർ വീതമാണ് നൽകുന്നത്.
യു.എ.ഇക്കും ഒമാനും മികച്ച അവസരം -ഐ.സി.സി
ദുബൈ: ലോകകപ്പ് നടത്തുന്നതിലൂടെ ലോക ക്രിക്കറ്റിെൻറ ഭാഗമാകാനുള്ള മികച്ച അവസരമാണ് യു.എ.ഇക്കും ഒമാനും ലഭിക്കുന്നതെന്ന് ഇൻറർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ആക്ടിങ് സി.ഇ.ഒ ജഫ് അല്ലാർഡൈസ്. സുരക്ഷിതമായി അവർ ലോകകപ്പ് നടത്തുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം ടൂർണമെൻറ് മാറ്റിവെച്ചപ്പോൾ സമയപരിധിക്കുള്ളിൽ സുരക്ഷിതമായി എവിടെ മത്സരം നടത്താം എന്നതായിരുന്നു ആലോചന. അങ്ങനെയാണ് യു.എ.ഇയിൽ എത്തിയത്. താരങ്ങൾക്ക് അധികം വിമാനയാത്ര ആവശ്യമില്ല എന്നതും അന്താരാഷ്ട്രമത്സരങ്ങൾ നടത്തിയുള്ള പരിചയവുമാണ് യു.എ.ഇക്ക് തുണയായത്. ഒരേ ഹോട്ടലിൽതന്നെ കൂടുതൽ താരങ്ങൾക്ക് തങ്ങാൻ കഴിയും. ഒരു ഗ്രൗണ്ടിൽനിന്ന് മറ്റൊരു ഗ്രൗണ്ടിലേക്ക് വിമാനത്തിന് പകരം ബസിൽ യാത്രചെയ്യാൻ കഴിയും. ആദ്യ റൗണ്ടിന് ശേഷം ഒമാനിൽനിന്ന് എത്താൻ മാത്രമേ വിമാനയാത്ര ആവശ്യമായിവരുന്നുള്ളൂ. കോവിഡ് കാലത്ത് രണ്ട് ഐ.പി.എൽ സുരക്ഷിതമായി നടത്തിയ രാജ്യമാണ് യു.എ.ഇ. അന്താരാഷ്ട്ര ക്രിക്കറ്റ് നടത്തിയതിെൻറ മികച്ച റെക്കോഡുണ്ട് യു.എ.ഇക്ക്. ഒമാനിലെ മത്സരത്തെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിൽ നടന്ന മത്സരങ്ങളുടെ വിഡിയോ കണ്ടിരുന്നു. മികച്ച വേദിയാണ് മസ്കത്തിലേത്. അവിടെയുള്ള കാണികൾ ലോകകപ്പിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിൽനിന്ന് ലോകകപ്പ് മാറ്റുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ, ഇത് അനിവാര്യമായ സാഹചര്യത്തിലാണ് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലും ഒമാനിലും കൂടുതൽ ടിക്കറ്റ് അനുവദിക്കും
ദുബൈ: ട്വൻറി 20 ലോകകപ്പിൽ യു.എ.ഇയിലും ഒമാനിലും കൂടുതൽ ടിക്കറ്റുകൾ അനുവദിക്കാൻ ഐ.സി.സി തീരുമാനിച്ചു. ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. t20worldcup.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റെടുക്കാം. നേരത്തെ, ടിക്കറ്റ് വിൽപന തുടങ്ങിയ ദിവസം തന്നെ ഇന്ത്യ- പാകിസ്താൻ മത്സരത്തിെൻറ ടിക്കറ്റ് വിറ്റഴിഞ്ഞിരുന്നു. 70 ശതമാനം കാണികളെ ഗാലറിയിൽ അനുവദിക്കുമെന്നാണ് ഐ.സി.സി അറിയിച്ചിരിക്കുന്നത്. 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെൻറിൽ ഈ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് അവസരം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് കൂടുതൽ ടിക്കറ്റ് അനുവദിക്കുന്നതെന്ന് ഐ.സി.സി ഇവൻറ് ഹെഡ് ക്രിസ് ടെറ്റ്ലി പറഞ്ഞു. സുരക്ഷിതമായി കാണികളെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. ഒമാനിൽ 10 റിയാലും യു.എ.ഇയിൽ 30 ദിർഹവുമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് വിൽപന സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.