ദുബൈയിൽ ദിവസം 12 ലക്ഷം ഇഫ്താർ കിറ്റുകൾ നൽകും
text_fieldsദുബൈ: നഗരത്തിൽ ഓരോ ദിവസവും വിതരണം ചെയ്യുക 12 ലക്ഷം ഇഫ്താർ കിറ്റുകൾ. നോമ്പുതുറ സമയങ്ങളിൽ കിറ്റുകൾ വിതരണം ചെയ്യുന്നതിന് 1,200 പെർമിറ്റുകൾ അനുവദിച്ചതായി എമിറേറ്റിലെ ഇസ്ലാമിക കാര്യ, ജീവകാരുണ്യ വകുപ്പ് അറിയിച്ചു. സമൂഹത്തിലെ പൗരൻമാരും പ്രവാസികളുമായ ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പരിപാടികളും വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്ലാമികം, സാംസ്കാരികം, കമ്യൂണിറ്റി, ജീവകാരുണ്യം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘റമദാൻ ഇൻ ദുബൈ’ കാമ്പയിനിന്റെ ഭാഗമായാണ് പരിപാടികൾ അരങ്ങേറുക.
പള്ളികളിൽ പരമ്പരാഗതമായി നടന്നുവരുന്ന പ്രശസ്ത ഖുർആൻ പണ്ഡിതരുടെ നേതൃത്വത്തിലുള്ള തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾക്ക് പുറമെ, വകുപ്പിന് കീഴിൽ വിവിധ ഭാഷകളിൽ പള്ളികൾ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങളും ഒരുക്കുന്നതായി വകുപ്പ് ഡയറക്ടർ ജനറൽ അഹമ്മദ് ദർവീശ് അൽ മുഹൈരി പറഞ്ഞു.
പ്രാദേശികമായും ആഗോളതലത്തിലും പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാമിക സമീപനം പിന്തുടരുന്നതായിരിക്കും ഇടപെടലുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഖുർആൻ മനഃപാഠമാക്കൽ മത്സരത്തിന്റെ മൂന്നാമത് സെഷനും ഇത്തവണയുണ്ടാകും. വിവിധ വിജ്ഞാനീയങ്ങളിൽ അറിവ് വർധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളും പരിപാടികളിൽ ഉൾപ്പെടും. വിവിധ ജനവിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള വ്യത്യസ്തമായ പരിപാടികളാണ് കമ്മ്യൂണിറ്റി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
‘ഹലാ റമദാൻ’, ‘വീ ബ്രേക് ഔർ ഫാസ്റ്റ് ടുഗെതർ’, ദുപബ പൾസ്, അറ്റ് വൺ ടേബ്ൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ഇതിൽ ഉൾപ്പെടും. ദുബൈ ഇഫ്താർ എന്ന പേരിൽ വിവിധ മതങ്ങളിൽനിന്നും വിഭാഗങ്ങളിൽനിന്നുമുള്ള വ്യക്തികളെ ഒരുമിച്ചുകൂട്ടുന്ന ചടങ്ങും ഒരുക്കുന്നുണ്ട്.
ഇതിനു പുറമെയാണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കായിക, ആരോഗ്യ മേഖലയുമായും സഹകരിച്ചുള്ള പരിപാടികളും സായിദ് ഹുമാനിറ്റേറിയൻ ദിനത്തോടനുബന്ധിച്ച് ചടങ്ങും ഇത്തവണ ആസൂത്രണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.