12 പുതിയ ബീച്ച്, ഹരിത വനം; ദുബൈയുടെ മുഖം മാറും
text_fieldsദുബൈ: നഗര സൗന്ദര്യ വികസനത്തിെൻറ ലോകോത്തര മാതൃകയായ ദുബൈ കോവിഡ് കാലത്തും ലോകത്തെ ഞെട്ടിക്കുന്ന വികസനവുമായി മുന്നോട്ട്.
ഒരു ഡസൻ ബീച്ചുകളുടെ നിർമാണം ഉൾപ്പെടെ 200 കോടി ദിർഹമിെൻറ നഗരവികസന പദ്ധതികൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. സൈക്ലിങ് പാതകൾ, നീന്തൽ സ്ഥലങ്ങൾ, റണ്ണിങ് ട്രാക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. നഗരവികസനത്തിനൊപ്പം പ്രകൃതി സംരക്ഷണംകൂടി ലക്ഷ്യമിട്ട് ഹരിതവനങ്ങളും പൂന്തോട്ടങ്ങളും നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് പദ്ധതി പ്രഖ്യാപിച്ചത്.
12 കിലോമീറ്റർ ബീച്ച്
മംസാർ ബീച്ചിൽനിന്ന് ഉമ്മു സുഖീം -2 വരെ 12 കിലോമീറ്റർ നീളത്തിലാണ് ബീച്ച് വികസനം വരുന്നത്. 10 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതായിരിക്കും ഇത്. ഇതിനുമാത്രം 500 ദശലക്ഷം ദിർഹം ചെലവ് പ്രതീക്ഷിക്കുന്നു. മൂന്നു ഘട്ടമായി പദ്ധതി പൂർത്തിയാക്കും. ആദ്യ ഘട്ടത്തിൽ അൽ മംസാർ ക്രീക്ക് ബീച്ചിൽനിന്ന് അൽ മംസാർ കോർണിഷ് വരെയുള്ള 4250 മീറ്ററിലേക്ക് ബീച്ച് വ്യാപിപ്പിക്കും. രണ്ടാം ഘട്ടത്തിൽ ജുമൈറ ബീച്ചിൽനിന്ന് അൽ ഷൊരൂഖിലേക്ക് 2150 മീറ്റർ വികസിപ്പിക്കും. അവസാന ഘട്ടത്തിൽ ഉമ്മു സുഖീം ഒന്നിനും രണ്ടിനുമിടയിൽ 6015 മീറ്റർ ബീച്ച് വികസനമുണ്ടാകും. കടൽത്തീരങ്ങളെ നീന്തൽ പ്രദേശങ്ങളായി നവീകരിക്കുന്നതാണ് വികസനത്തിലെ മുഖ്യഭാഗം. ജോഗിങ്, സൈക്ലിങ് എന്നിവക്കായി ട്രാക്ക് സ്ഥാപിക്കും. നഗരത്തിലെ താമസക്കാർക്കിടയിൽ ശാരീരികക്ഷമത കാത്തുസൂക്ഷിക്കേണ്ടതിെൻറ പ്രാധാന്യം ഉണർത്താനാണ് ട്രാക്കുകൾ സ്ഥാപിക്കുന്നത്.
റാസൽഖോർ വന്യജീവി സങ്കേത വികസനം
100 ദശലക്ഷം ദിർഹമിെൻറ വികസനമാണ് റാസൽഖോർ വന്യജീവി സങ്കേതത്തിൽ ലക്ഷ്യമിടുന്നത്.സങ്കേതത്തിെൻറ പരിസ്ഥിതി സന്തുലിതാവസ്ഥയും ജൈവവൈവിധ്യവും കാത്തുസൂക്ഷിച്ചായിരിക്കും നവീകരണം. ഇവിടെയുള്ള 100 ഏക്കറിൽ കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കും. സന്ദർശകർക്ക് കാഴ്ചയൊരുക്കുന്ന തരത്തിലുള്ള പദ്ധതികളും ഇതിെൻറ ഭാഗമായി പൂർത്തിയാക്കും
അടുത്ത വർഷം തുടങ്ങുന്ന നഗരവികസന പദ്ധതികൾ നാല് വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ എമിറേറ്റിൽ എട്ട് ദശലക്ഷം ചതുരശ്ര മീറ്റർ ഹരിത പ്രദേശങ്ങൾകൂടി കൂട്ടിച്ചേർക്കപ്പെടും.ശൈഖ് മുഹമ്മദ് പദ്ധതി വിലയിരുത്തി.ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ സർക്കാർ അതിശ്രദ്ധാലുക്കളാണെന്നും ദുബൈയുടെ വികസനം തുടർന്നുകൊണ്ടേയിരിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.നിലവിൽ 425 കിലോമീറ്റർ സൈക്ലിങ് ട്രാക്കാണ് ദുബൈ നഗരത്തിലുള്ളത്.ഇത് 88 കിലോമീറ്റർകൂടി വികസിപ്പിക്കാൻ കഴിഞ്ഞ ദിവസം പദ്ധതി തയാറാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബീച്ച് പദ്ധതികൾക്കൊപ്പം സൈക്കിൾ ട്രാക്കുകൾ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.