എക്സ്പോ സിറ്റി ആസ്വദിക്കാൻ 120 ദിർഹമിന്‍റെ പാസ്
text_fieldsദുബൈ: അതിശയങ്ങളുടെ നഗരമായ എക്സ്പോ സിറ്റിയിലെ ആകർഷണങ്ങൾ ആസ്വദിക്കാൻ പുതിയ പാസ് പുറത്തിറക്കി അധികൃതർ. 120 ദിർഹമിന്‍റെ പാസ് സിറ്റി പൂർണമായും സന്ദർശകർക്കുവേണ്ടി തുറക്കുന്ന അടുത്തമാസം ഒന്നുമുതലാണ് ലഭ്യമാവുക. ഒരു ദിവസത്തെ പാസ് ഉപയോഗിച്ച് സുപ്രധാന പവിലിയനുകളെല്ലാം കാണാനാകും. എക്സ്പോ സിറ്റി ദുബൈയുടെ വെബ്സൈറ്റിൽ ഓൺലൈനായി ഇത് ലഭ്യമാക്കുമെന്നും അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
പാസിലൂടെ സന്ദർശകർക്ക് നിലവിൽ പ്രവേശനം അനുവദിച്ച മൊബിലിറ്റി (അലിഫ്), സസ്റ്റയ്നബിലിറ്റി (ടെറ) പവിലിയനുകളിലും തുറക്കാനിരിക്കുന്ന വിഷൻ, വുമൺസ് പവിലിയനുകളിലും കയറാനാകും. കൂടുതൽ പവിലിയനുകൾ തുറക്കുന്നതോടെ ഇവിടങ്ങളിലും ഇതുവഴി പ്രവേശിക്കാനാകും. ഒക്ടോബർ ഒന്നുമുതൽ തുറക്കുന്ന അൽവസ്ൽ പ്ലാസയിലും വാട്ടർ ഫീച്ചറിലും പ്രവേശിക്കാൻ എല്ലാ സന്ദർശകർക്കും അവസരമുണ്ടാകും. അതേസമയം, 12 വയസ്സിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. എന്നാൽ, ഇവർ ടിക്കറ്റ് കൗണ്ടറിൽനിന്ന് കോംപ്ലിമെന്‍ററി പാസ് വാങ്ങിയിരിക്കണം. എക്‌സ്‌പോ സിറ്റി അടുത്തിടെ സ്‌കൂൾ വിദ്യാർഥികളെ സ്വാഗതംചെയ്യുന്ന പ്രത്യേക പ്രോഗ്രാം തുടങ്ങിയിട്ടുണ്ട്.
നിലവിൽ ടെറ, അലിഫ് പവിലിയനുകളിലേക്ക് പ്രവേശനത്തിന് ടിക്കറ്റിന് ഒരാൾക്ക് 50 ദിർഹമാണ് നിരക്ക്. വെബ്സൈറ്റിലും എക്സ്പോ സിറ്റിയിലെ നാല് ബോക്‌സ് ഓഫിസുകളിലും ടിക്കറ്റുകൾ ലഭ്യമാണ്. സന്ദർശകരെ എക്സ്പോ സിറ്റിയുടെ മുഴുവൻ കാഴ്ചകളും കാണിക്കുന്ന കറങ്ങുന്ന നിരീക്ഷണ ഗോപുരമായ 'ഗാർഡൻ ഇൻ ദ സ്കൈ' പ്രവേശനത്തിന് 30 ദിർഹമാണ് നിരക്ക്. അഞ്ചു വയസ്സിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇവിടെ സൗജന്യമാണ്.
പവിലിയനുകൾ രാവിലെ 10 മുതൽ ആറു വരെയും നിരീക്ഷണഗോപുരം വൈകീട്ട് മൂന്നു മുതൽ ആറു വരെയുമാണ് പ്രവർത്തിക്കുക. ഓപ്പർച്യൂനിറ്റി പവിലിയൻ എക്സ്പോ 2020 ദുബൈ മ്യൂസിയമായി പിന്നീടായിരിക്കും തുറക്കുക. വിശ്വമേളകളുടെ ചരിത്രവും സ്വാധീനവും എടുത്തുകാണിക്കുന്നതും എക്‌സ്‌പോ 2020 ദുബൈയുടെ വിജയം ആഘോഷിക്കുന്നതുമായിരിക്കും മ്യൂസിയം. വിശ്വമേളക്കുവേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80 ശതമാനവും നിലനിർത്തിയാണ് എക്സ്പോ സിറ്റി സന്ദർശകർക്കായി വീണ്ടും തുറക്കാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.