11 മാസത്തിനിടെ ദുബൈയിൽ എത്തിയത് 1.28 കോടി സഞ്ചാരികൾ
text_fieldsദുബൈ: ഈ വർഷം ആദ്യ 11 മാസത്തിനിടെ ദുബൈയിൽ എത്തിയത് 1.28 കോടി സന്ദർശകർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 112.96 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതൽ നവംബർ വരെയുള്ള കണക്കാണിത്. ദുബൈ സാമ്പത്തിക, ടൂറിസം വിഭാഗമാണ് കണക്ക് പുറത്തുവിട്ടത്. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019ൽ 1.67 കോടി സഞ്ചാരികളാണ് ദുബൈയിൽ എത്തിയത്. ഇതിനെ അപേക്ഷിച്ച് 39 ലക്ഷം പേർ ഇക്കുറി കുറവാണെങ്കിലും പഴയ നിലയിലേക്ക് അതിവേഗം തിരിച്ചുപോകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുബൈയിലെ ടൂറിസം മേഖല സജീവമായതാണ് ഇത്രയധികം യാത്രക്കാർ എത്താൻ കാരണം.
കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോൾ തന്നെ യു.എ.ഇയുടെ ടൂറിസം മേഖല സജീവമായിരുന്നു. എക്സ്പോ 2020, ഖത്തർ ലോകകപ്പ് എന്നിവയാണ് ദുബൈയിലേക്ക് ആളൊഴുകിയതിന്റെ പ്രധാന കാരണം. ഏറ്റവും കൂടുതൽ ആളുകളെത്തിയത് വെസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്. 20 ശതമാനം പേർ ഈ മേഖലയിൽ നിന്നെത്തിയപ്പോൾ 17 ശതമാനം പേർ ദക്ഷിണേഷ്യയിൽ നിന്നെത്തി. ഇന്ത്യ, ഒമാൻ, സൗദി, യു.കെ, റഷ്യ, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും.
ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യയിൽ നിന്നാണ്, 16.4 ലക്ഷം യാത്രക്കാർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 106 ശതമാനം വർധനവാണ് ഇന്ത്യൻ യാത്രക്കാരിൽ ഉണ്ടായത്. 72.6 ശതമാനമാണ് ശരാശരി ഹോട്ടൽ ഒക്യുപൻസി റേറ്റ്. 2021നെ അപേക്ഷിച്ച് 6.8 ശതമാനം വർധനവുണ്ടായി. 2031ഓടെ 40 ദശലക്ഷം അതിഥികളെ എത്തിക്കുക എന്ന ദുബൈയുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന്റെ തെളിവ് കൂടിയാണിത്. ഈയാഴ്ച ദുബൈ വിമാനത്താവളത്തിൽ 20 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസവും 2.45 ലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷം ആകെ 64.3 ദശലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് കരുതുന്നത്. നേരത്തെ കണക്കുകൂട്ടിയതിനേക്കാൾ കൂടുതലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.