ദുബൈയിൽ 13 ടൺ മയക്കുമരുന്ന് ഗുളികകൾ പിടികൂടി
text_fieldsദുബൈ: യു.എ.ഇയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. വാതിലുകളിലും പാനലുകളിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 8.6 കോടി നിരോധിത മയക്കുമരുന്ന് ഗുളികകൾ ദുബൈ പൊലീസ് പിടികൂടി. 651 വാതിലുകളിലും 432 അലങ്കാര പാനലുകളിലുമായി ഒളിപ്പിച്ച 13 ടൺ ക്യപ്റ്റാഗോൺ ഗുളികകളാണ് പിടികൂടിയത്. അഞ്ച് കണ്ടെയ്നറുകളിലായി രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ശ്രമം.
പിടികൂടിയ ഗുളികകൾക്ക് രാജ്യാന്തര വിപണിയിൽ 387 കോടി ദിർഹം വിലമതിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആറുപേരെ ദുബൈ പൊലീസ് പിടികൂടിയതായി യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ‘ഓപറേഷൻ കൊടുങ്കാറ്റ്’ പേരിൽ ദുബൈ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്തത്. മയക്കുമരുന്ന് ഒളിപ്പിച്ച വാതിലുകളും പാനലുകളും പൊലീസ് പരിശോധിക്കുന്നതിന്റെ വിഡിയോ ദൃശ്യവും ആഭ്യന്തരമന്ത്രി ‘എക്സി’ലൂടെ പങ്കുവെച്ചു. പിടിയിലായവർ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിൽപെട്ടവരാണെന്ന് സംശയിക്കുന്നതായി ദുബൈ പൊലീസ് അറിയിച്ചു. പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പാനലുകളിൽ ഒളിപ്പിച്ച മയക്കുമരുന്ന് ഗുളികകൾ പുറത്തെടുക്കാൻ ദിവസങ്ങളുടെ പ്രയത്നം വേണ്ടിവന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാതിലുകൾക്കുള്ളിൽ പൊടിരൂപത്തിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചത്.
ആപ്രിക്കോട്ട് ബോക്സിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2.25 ദശലക്ഷം ക്യപ്റ്റാഗോൺ ഗുളികകൾ ഇക്കഴിഞ്ഞ മേയിൽ അബൂദബി പൊലീസ് പിടികൂടിയിരുന്നു. ഫെബ്രുവരിയിൽ പിടികൂടിയ 4.5 ദശലക്ഷം നിരോധിത ഗുളികകൾ ഭക്ഷ്യ പാക്കറ്റുകളിലായിരുന്നു ഒളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.