ഉമ്മുൽഖുവൈനിൽ 1,300 വർഷം പഴക്കമുള്ള പുരാതന പട്ടണത്തിന്റെ അവശിഷ്ടം കണ്ടെത്തി
text_fieldsദുബൈ: ഉമ്മുൽഖുവൈനിൽ 1,300 വർഷം പഴക്കമുള്ള പുരാതന പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നൂറ്റാണ്ടുകൾക്കുമുമ്പ് മുത്തുവാരി ഉപജീവനം നടത്തിയിരുന്നവർ താമസിച്ചിരുന്ന സ്ഥലമാണിതെന്നാണ് സൂചന. ഉമ്മുൽഖുവൈനിലെ സിനിയ ദ്വീപിലാണ് 12 ഹെക്ടർ വിസ്തൃതിയിൽ പുരാതന പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അറബ് മേഖലയിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും പഴക്കമേറിയ മുത്തുവാരൽ പട്ടണമാണിതെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ വർഷം ക്രിസ്ത്യൻ മഠത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശത്തിന് സമീപത്താണ് 1,300 വർഷം പഴക്കം കണക്കാക്കുന്ന ഈ പുരാതന മനുഷ്യവാസ കേന്ദ്രവുമുള്ളത്. മഠത്തിലെ പുരോഹിതരും മറ്റും താമസിച്ചിരുന്നത് ഈ പട്ടണത്തിലാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ഈ പ്രദേശത്ത് ആയിരക്കണക്കിനുപേർ അധിവസിച്ചിട്ടുണ്ടാകുമെന്ന് കണക്കാക്കുന്നു. വലിയ മുറ്റമുള്ള വലിയ വീടുകളും രണ്ട് മുറികളുള്ള ചെറിയ വീടുകളുമാണ് ഉദ്ഖനനത്തിൽ കണ്ടെത്താനായത്.
വലിയ വീടുകൾ മുത്ത് വ്യാപാരികളുടേതും ചെറുത് മത്സ്യത്തൊഴിലാളികളുടേതുമായിരിക്കണമെന്ന് പര്യവേഷണത്തിന് നേതൃത്വം നൽകുന്നവർ പറയുന്നു. ഉമ്മുൽഖുവൈൻ ടൂറിസം ആർക്കിയോളജിക്കൽ വകുപ്പ്, യു.എ.ഇ സാംസ്കാരിക മന്ത്രാലയം, ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷൻ, ന്യൂയോർക്ക് യൂനിവേഴ്സിറ്റിയുടെ പുരാതനലോക പഠനകേന്ദ്രം എന്നിവ സംയുക്തമായാണ് ഉമ്മുൽഖുവൈനിൽ ഉദ്ഖനനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.