അബൂദബി വിമാനത്താവളങ്ങളിൽ ആറുമാസത്തിൽ 1.39 കോടി യാത്രികർ
text_fieldsഅബൂദബി: ഈ വർഷം ആദ്യ പകുതിയിൽ അബൂദബിയിലെ അഞ്ച് വിമാനത്താവളങ്ങളിലൂടെ 1.39 കോടി യാത്രികർ സഞ്ചരിച്ചതായി കണക്ക്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 33.5 ശതമാനത്തിന്റെ വർധനവാണ് യാത്രികരുടെ എണ്ണത്തിൽ വിമാനത്താവളങ്ങളിൽ ഉണ്ടായത്.
എമിറേറ്റിലെ പ്രധാന വിമാനത്താവളമായ സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 1.37 കോടി പേരാണ് യാത്ര ചെയ്തത്. ഇതുവഴി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33.8 ശതമാനം വർധനവാണ് കൈവരിച്ചത്. വിമാനനീക്കത്തിൽ 24.3 ശതമാനത്തിന്റെ വളർച്ച കൈവരിച്ചതിലൂടെയാണ് ആകെ യാത്രികരുടെ എണ്ണത്തിലും വർധനവുണ്ടായത്. 2024ന്റെ ആദ്യ പകുതിയിൽ 84,286 വിമാനങ്ങളാണ് ഇവിടെനിന്ന് സർവിസ് നടത്തിയത്.
2023ൽ ഇത് 67,835 ആയിരുന്നു. യു.എസ് ബംഗ്ലാ, ബ്രിട്ടീഷ് എയർവേസ് വിമാനങ്ങൾ കൂടി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസ് തുടങ്ങുന്നതോടെ ഈ വർഷം രണ്ടാം പകുതിയിൽ യാത്രികരുടെ എണ്ണം വർധിക്കുമെന്ന് അധികൃതർ പറഞ്ഞു.
ആഴ്ചതോറും യു.എസ് ബംഗ്ലായുടെ മൂന്നു വിമാനങ്ങൾ ചിറ്റഗോങ്ങിലേക്കും നാലെണ്ണം ധാക്കയിലേക്കും ബ്രിട്ടീഷ് എയർവേസിന്റെ പ്രതിദിന ലണ്ടൻ ഹീത്രൂ സർവിസുകളുമാണ് ആരംഭിക്കുന്നത്. വിസ് എയർ അബൂദബി, ഇൻഡിഗോ, ഇത്തിഹാദ്, പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻ, എയർ അറേബ്യ അബൂദബി തുടങ്ങി കമ്പനികൾ വിവിധ കേന്ദ്രങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കുന്നതും വളർച്ചയെ സഹായിക്കും.
അബൂദബി വിമാനത്താവളങ്ങളിലെ എല്ലാ വകുപ്പുകളുടെയും കൂട്ടായ അക്ഷീണ പ്രവർത്തനങ്ങളുടെ സാക്ഷ്യമാണ് ഈ വളർച്ചയെന്ന് അബൂദബി എയർപോർട്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സോർലിനി പറഞ്ഞു.
ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസിന് ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 87 ലക്ഷം യാത്രികരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യാത്രികരുടെ എണ്ണത്തിൽ 34 ശതമാനം വർധനവാണുണ്ടായത്.
ചരക്ക് നീക്കത്തിലും അബൂദബി എയർപോർട്സ് മികച്ച വളർച്ചയാണ് കൈവരിക്കുന്നത്. 2,54,300 ടൺ ചരക്കാണ് വിമാനത്താവളങ്ങളിലൂടെ കൈകാര്യം ചെയ്തത്. പ്രധാന പങ്കാളികളുമായുള്ള സഹകരണത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് എലീന സോർലിനി പറഞ്ഞു.
2030ഓടെ 15 ലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഡി.എച്ച്.എൽ കേന്ദ്രം തുറക്കുകയും നിർദിഷ്ട ഈസ്റ്റ് മിഡ്ഫീൽഡ് കാർഗോ ടെർമിനലിന്റെ രൂപകൽപന പൂർത്തിയാക്കുകയും ചെയ്തതായി അവർ പറഞ്ഞു. 25 ലക്ഷത്തോളം യാത്രികരുടെ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. 42 ലക്ഷം യാത്രികരാണ് 2024 ആദ്യ പാദത്തില്‍ ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങളില്‍ പറന്നത്. 2023 ജൂണിൽ 76 വിമാനങ്ങൾ കമ്പനിക്കുണ്ടായിരുന്നത്.
ഇപ്പോഴത് 92 ആയി ഉയർന്നു. 2024ലെ ആദ്യപാദത്തില്‍ 52.6 കോടി ദിര്‍ഹമിന്റെ ലാഭം നേടിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.