നൂറ് രാജ്യങ്ങളിലേക്ക് കാരുണ്യമായൊഴുകിയത് 140 കോടി ദിർഹം
text_fieldsദുബൈ: മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ് (എം.ബി.ആർ.ജി.ഐ) എന്ന യു.എ.ഇയുടെ അഭിമാന ജീവകാരുണ്യ സംരംഭം വഴി കാരുണ്യമായൊഴുകിയത് 140 കോടി ദിർഹം. കഴിഞ്ഞവർഷമാണ് 100 രാജ്യങ്ങളിലെ 10.2 കോടി പേർക്ക് ഇത്രയും തുകയുടെ സഹായം ലഭിച്ചതെന്ന് എം.ബി.ആർ.ജി.ഐയുടെ അവലോകന റിപ്പോർട്ട് പറയുന്നു. ദുബൈ ഓപറയിൽ നടന്ന ചടങ്ങിലാണ് 2022ലെ റിപ്പോർട്ട് അവതരിപ്പിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഗുണഭോക്താക്കളുടെ എണ്ണത്തിൽ 1.1 കോടി വർധനവുണ്ടായതായും അധികൃതർ വ്യക്തമാക്കി. 2021നേക്കാൾ സഹായം ലഭിച്ച രാജ്യങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ജീവകാരുണ്യ, വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പ്രാദേശിക ശൃംഖല എന്ന സ്ഥാനത്തേക്ക് പദ്ധതി വളർന്നതായും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് എം.ബി.ആർ.ജി.ഐ പദ്ധതിയുടെ വാർഷിക റിപ്പോർട്ട് പ്രഖ്യാപിച്ചത്. ചടങ്ങിൽ പദ്ധതിയുടെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ സംബന്ധിച്ച ലഘു വിവരണവും ‘വൺ ബില്യൺ മീൽസ് പദ്ധതി’യുടെ നിലവിലെ അവസ്ഥയും വിവരിച്ചു. തുടർന്ന് പദ്ധതിയിലേക്ക് സംഭാവന നൽകിയ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും ചെയ്തു. ചടങ്ങിന് മുന്നോടിയായി എം.ബി.ആർ.ജി.ഐ ബോർഡ് ഓഫ് ട്രസ്റ്റികളുടെ യോഗം ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേരുകയും ചെയ്തു.
ദശലക്ഷക്കണക്കിന് മനുഷ്യർക്ക് മെച്ചപ്പെട്ട ജീവിതം സൃഷ്ടിക്കുന്നതിൽ സജീവമായി സംഭാവന നൽകിക്കൊണ്ട് യു.എ.ഇ മാനവികമായ ദൗത്യം തുടരുകയാണെന്ന് റിപ്പോർട്ടിലെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. വംശമോ ദേശമോ പരിഗണിക്കാതെ സഹജീവികളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ പരിശ്രമിക്കുന്നത് നമ്മുടെ ധാർമിക കടമയാണ്. ജീവകാരുണ്യ പ്രവർത്തനവും ഇമാറാത്തി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും നമ്മൾ തുടരും -അദ്ദേഹം കൂട്ടിച്ചേർത്തു.
847 ജീവനക്കാർക്ക് പുറമെ, എം.ബി.ആർ.ജി.ഐയുടെ ഭാഗമായി 1,50,266 സന്നദ്ധപ്രവർത്തകരും കഴിഞ്ഞ വർഷം പ്രവർത്തിച്ചിട്ടുണ്ട്. 2021നെ അപേക്ഷിച്ച് 5330 വളന്റിയർമാരുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനം, ആരോഗ്യ സംരക്ഷണവും രോഗ നിയന്ത്രണവും, വിദ്യാഭ്യാസവും അറിവും പ്രചരിപ്പിക്കൽ, നവീകരണവും സംരംഭകത്വവും, കമ്യൂണിറ്റികളെ ശാക്തീകരിക്കൽ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് പദ്ധതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതി ഇതിന്റെ ഭാഗമാണ്. റമദാനിലെ ആദ്യ പകുതിയിൽ ഇതിലേക്ക് ഒഴുകിയത് 51.4 കോടി ദിർഹമാണ്. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 87,000ത്തിലധികം ദാതാക്കളിൽ നിന്നാണ് ഇത്രയും സംഭാവനകൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.