ദുബൈ എമിറേറ്റ് ബീച്ചിൽ കാവലൊരുക്കാൻ 140 രക്ഷാപ്രവർത്തകർ
text_fieldsദുബൈ: എമിറേറ്റിലെ പൊതു ബീച്ചുകളിലെത്തുന്ന സന്ദർശകരുടെ സുരക്ഷക്കായി 140 രക്ഷാപ്രവർത്തകരും 12 സൂപ്പർവൈസർമാരും സദാ സജ്ജമാണെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
140ൽ 124 ജീവനക്കാർ ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ ഉയർന്ന യോഗ്യത നേടിയവരാണ്. 12 സൂപ്പർവൈസർമാർ സുരക്ഷാ ജീവനക്കാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.സഹായത്തിനായി ഇവർക്കൊപ്പം രണ്ട് അസിസ്റ്റന്റ് മാനേജർമാരുമുണ്ടാകും.
ഒരു ഓപറേഷൻസ് മാനേജറുടെ മേൽനോട്ടത്തിലായിരിക്കും ഇവരുടെ പ്രവർത്തനങ്ങൾ. ബീച്ചുകളിൽ ഓടിക്കാവുന്ന പ്രത്യേക വാഹനങ്ങൾ (എ.ടി.വി), സുരക്ഷ ഉപകരണങ്ങൾ, വയർലെസ് ആശയവിനിമയ ഉപകരണങ്ങൾ, മറ്റ് സജ്ജീകരണങ്ങൾ എന്നിവയും ജീവനക്കാർക്ക് സജ്ജമാക്കിയിട്ടുണ്ട്.അടിയന്തര ഘട്ടങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കാൻ ഇതുവഴി സാധിക്കും. അൽ മംസാർ, അൽ മംസാർ കോർണിഷ്, ജുമൈറ1, 2, 3, ഉമ്മു സുഖൈം 1, 2, എൽ ശറൂഖ്, അൽ സൂഫ്, ജബൽ അലി തുടങ്ങിയ ബീച്ചുകളിൽ സുരക്ഷ ജീവനക്കാരുടെ സേവനങ്ങൾ ലഭ്യമായിരിക്കും.
ദുബൈയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ എന്ന നിലയിൽ ബീച്ചുകളിലെത്തുന്ന സന്ദർശകർക്ക് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബൈ മുനിസിപ്പാലിറ്റിയുടെ പൊതു ബീച്ചുകളുടെയും ജലഗതാഗത മാർഗങ്ങളുടെയും നിയന്ത്രണവകുപ്പ് ഡയറക്ടർ എൻജീനിയർ ഇബ്രാഹിം മുഹമ്മദ് ജുമ പറഞ്ഞു.
മുഴുവൻ ബീച്ചുകളിലും രാവും പകലും സുരക്ഷ ജീവനക്കാരുടെ സേവനം ലഭ്യമായിരിക്കും. ചില ബീച്ചുകളിൽ രാത്രി നീന്താനുള്ള സൗകര്യം മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷ ജീവനക്കാരുടെ സേവനം രാത്രിയിലും ലഭ്യമാക്കുന്നത്.
കൂടാതെ എല്ലാ ബീച്ചുകളിലും സുരക്ഷ നിർദേശങ്ങൾ അടങ്ങിയ സൂചന ബോർഡുകളും മുന്നറിയിപ്പ് കൊടികളും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ചുവന്ന കൊടികൾ നീന്തൽ നിരോധിത മേഖലയെ സൂചിപ്പിക്കുന്നതാണ്.മഞ്ഞക്കൊടികൾ ജാഗ്രതയോടെ നീന്താൻ മുന്നറിയിപ്പ് നൽകുന്നു. സമുദ്രജീവികളുടെ സാന്നിധ്യത്തോടെ നീന്തൽ അനുവദനീയമാണെന്ന് സൂചിപ്പിക്കുന്നതാണ് പർപ്പിൾ നിറമുള്ള പതാക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.