ദുബൈയിൽ പുതുതായി 141 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി
text_fieldsദുബൈ: എമിറേറ്റിലെ പ്രധാന മേഖലകളിൽ പുതുതായി 141 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണംകൂടി പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ഏറെ ആകർഷകവും ഉപഭോക്തൃ സൗഹൃദപരവുമായ രീതിയിൽ രൂപകൽപന ചെയ്ത കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളാണ് ഉറപ്പുനൽകുന്നത്. എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ശീതീകരിച്ചതാണ്. കൂടാതെ ഔട്ട് ഡോർ ഏരിയകൾ, പരസ്യം ചെയ്യാനുള്ള സ്ഥലങ്ങൾ, ബസ് റൂട്ടുകളുടെ മാപ്പ്, സർവിസ് സമയം, വാഹനമെത്തുന്ന സമയം, മറ്റ് വിവരങ്ങൾ എന്നിവ പ്രദർശിപ്പിക്കാനായി സ്ക്രീനുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
2025 ഓടെ എമിറേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ എണ്ണം 762 ആയി വർധിപ്പിക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ 40 ശതമാനം പൂർത്തിയായതായി ആർ.ടി.എ അറിയിച്ചു. പുതുതായി നിർമിച്ച ബസ് സ്റ്റോപ്പുകളിൽനിന്ന് ഒന്നിലധികം റൂട്ടുകളിലേക്കുള്ള ബസുകൾ ലഭിക്കും. ചില കാത്തിരിപ്പ് കേന്ദ്രങ്ങളിൽ 10ലധികം റൂട്ടുകളിലേക്കുള്ള ബസ് സർവിസും ലഭ്യമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 18.2 കോടി യാത്രക്കാർക്ക് സേവനം നൽകാനാവുമെന്നാണ് പ്രതീക്ഷയെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
ജനസാന്ദ്രത കൂടിയ പ്രദേശങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ഭാവിയിൽ പൊതുഗതാഗത ആവശ്യങ്ങൾ നിറവേറ്റാനും കഴിയുന്ന രീതിയിലാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സ്ഥലം തെരഞ്ഞെടുത്തിരിക്കുന്നത്. പൊതുഗതാഗ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും സൗകര്യപ്രദമായ ഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും ജീവിത നിലവാരം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് രീതിയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ തരംതിരിച്ചിരിക്കുന്നത്.
പ്രതിദിനം 750ലധികം യാത്രക്കാരുള്ള മേഖലകളിലെ ഷെൽട്ടറുകളെ പ്രാഥമികമെന്നും 250-750 യാത്രക്കാരുള്ള സ്ഥലത്തെ ഷെൽട്ടറുകൾ സെക്കൻഡറി എന്നും 100-200 വരെ യാത്രക്കാരുള്ള സ്ഥലങ്ങളിലെ ഷെൽട്ടറുകൾ ബേസിക് എന്നുമാണ് തരംതിരിച്ചിരിക്കുന്നത്. നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ വീൽചെയറുകൾക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും രൂപകൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.