റാസല്‍ഖൈമയില്‍ 1.47 ലക്ഷം നിരീക്ഷണ കാമറകള്‍
text_fieldsറാസല്‍ഖൈമ: നാലുവര്‍ഷം മുമ്പ് നിയമം മൂലം റാസല്‍ഖൈമയില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ സി.സി.ടി.വി സ്ഥാപിക്കൽ 1.47 ലക്ഷം കടന്നതായി ജനറല്‍ റിസോഴ്സ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് (ജി.ആര്.എ) ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് തായര്‍ പറഞ്ഞു. ജി.ആര്.എ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ മുന്‍നിര്‍ത്തി നടപ്പാക്കിയ ഹിമായ സിസ്റ്റവുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി അഭിപ്രായപ്പെട്ടു. നിരവധി മോഷണ ശ്രമങ്ങളും സാമൂഹിക വിപത്തിനിടയാക്കുന്ന പ്രവൃത്തികള്‍ക്ക് തടയിടാനും സി.സി.ടി.വി സംവിധാനത്തിലൂടെ കഴിഞ്ഞു. 35,000 ദശലക്ഷം മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന വിവര ശേഖരണം ഹിമായ സിസ്റ്റത്തിലൂടെ നടത്താൻ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജി.ആര്.എ ആക്ടിങ് ഡയറക്ടര്‍ മയുന് മുഹമ്മദ് അല്‍ ദഹബ് തുടങ്ങി വിവിധ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി 2015ല്‍ പുറപ്പെടുവിച്ച സെക്യൂരിറ്റി ഓഫ് ഇന്സ്റ്റലേഷന് ആക്ട് നമ്പര്‍ (3) ഉത്തരവാണ് റാസല്‍ഖൈമയിലെ സ്ഥാപനങ്ങളുടെ മുഴു സമയ നിരീക്ഷണത്തിന് സി.സി.ടി.വി സിസ്റ്റം നിര്‍ബന്ധമാക്കിയത്.
ജി.ആര്.എയുടെ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കാണ് റാസല്‍ഖൈമയില്‍ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതിയുള്ളത്. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ഫ്രീസോണ്‍ അതോറിറ്റി, ഇ- ഗവ. അതോറിറ്റി, മുനിസിപ്പാലിറ്റി, വിദ്യാഭ്യാസവകുപ്പ്, മതകാര്യവകുപ്പ്, മാരിടൈം നാവിഗേഷന്‍ അതോറിറ്റി തുടങ്ങിയവയെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചാണ് ജി.ആര്.എ നിശ്ചിത യോഗ്യതയുള്ള ടെക്നീഷ്യന്മാര്, എൻജിനീയര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങൾക്ക് ജി.ആര്.എ ലൈസന്‍സ് അനുവദിക്കുന്നത്.
ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന പ്രകാരം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് നിയമം നിഷ്കര്‍ഷിച്ച രീതിയില്‍ ഡ്രോയിങ് ജി.ആര്.എക്ക് സമര്‍പ്പിക്കുന്നതാണ് പ്രഥമ നടപടി. അനുമതി ലഭിച്ചാല്‍ സി.സി.ടി.വി സ്ഥാപിച്ച് അധികൃതരുടെ പരിശോധനക്ക് ശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. വാണിജ്യ ലൈസന്‍സുകള്‍ ലഭിക്കുന്നതിനും പുതുക്കുന്നതിനും റാസല്‍ഖൈമയില്‍ നിലവില്‍ സി.സി.ടി.വി സര്‍ഫിക്കറ്റ് നിര്‍ബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.