ദുബൈയിൽ 147.4 കി.ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsദുബൈ: എമിറേറ്റിലേക്ക് കടത്താൻ ശ്രമിച്ച 147.4 കി.ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത് ദുബൈ കസ്റ്റംസ്. സുപ്രധാന തുറമുഖം വഴിയാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമം നടന്നത്. ദുബൈ കസ്റ്റംസിന്റെ വിദഗ്ധ പരിശോധന സംഘമാണ് സജീവമായ നിരീക്ഷണത്തിലൂടെ മയക്കുമരുന്ന് കടത്ത് കണ്ടെത്തി തടഞ്ഞത്. ഏറ്റവും നൂതനമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അധികൃതർ തുറമുഖങ്ങളിലെത്തുന്ന കപ്പലുകളിലും മറ്റും പരിശോധനകൾ നടത്തിവരുന്നത്.
ചരക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കസ്റ്റംസ് കണ്ടെത്തിയത്. വളരെ ഗുരുതര സുരക്ഷ ഭീഷണിയാണ് അധികൃതർക്ക് തകർക്കാൻ സാധിച്ചതെന്ന് കസ്റ്റംസ് വിലയിരുത്തി. എലൈറ്റ് കെ-9 യൂനിറ്റിലെ പരിശോധനക്ക് ഉപയോഗിക്കുന്ന നായ്ക്കളുടെ സഹായവും മയക്കുമരുന്ന് കണ്ടെത്താൻ അധികൃതർക്ക് ലഭിച്ചു.
ആദ്യഘട്ടത്തിലെ പരിശോധനയിൽ സൂചന ലഭിച്ചതിനെ തുടർന്ന് സുരക്ഷ പ്രോട്ടോക്കോളുകളും ചട്ടങ്ങളും അനുസരിച്ച് നിയമനടപടികൾ ആരംഭിക്കുകയായിരുന്നു. മയക്കുമരുന്ന് കണ്ടെത്തുന്നതിൽ ദുബൈ കസ്റ്റംസ് പ്രകടിപ്പിച്ച ഉദ്യോഗസ്ഥരുടെ പ്രഫഷനലിസത്തെയും ജാഗ്രതയെയും തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ ചെയർമാൻ സുൽത്താൻ അഹ്മദ് ബിൻ സുലൈം പ്രശംസിച്ചു.
എമിറേറ്റിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ, വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ, ആസൂത്രണം എന്നിവ സമന്വയിപ്പിച്ചുള്ള കസ്റ്റംസ് നടപടികളുടെ പുരോഗതിയെയാണ് ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നത്. ക്രിമിനൽ ശൃംഖലകളെ നേരിടുന്നതിൽ ദുബൈ സ്ഥിരത പുലർത്തുന്നുണ്ട്.
ഉയർന്ന തലത്തിലുള്ള സുരക്ഷ നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ കസ്റ്റംസ് പരിശോധകർ ലോകോത്തര നിലവാരം കാത്തുസൂക്ഷിക്കുന്നതായും, ഏറ്റവും ഉയർന്ന സാങ്കേതികവിദ്യയിലൂടെയും പരിശീലനത്തിലൂടെയും മയക്കുമരുന്ന് കടത്ത് തടയാൻ സാധിക്കുന്നതായും ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല മുഹമ്മദ് ബൂസനദ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് തടയുന്നതിൽ വിജയിച്ച സംഘാംഗങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.