ഷാർജയിൽ മഴക്കെടുതിയിൽ വീട് തകർന്നവർക്ക് 1.5 കോടി ദിർഹം
text_fieldsഷാർജ: ഏപ്രിൽ മാസത്തിലുണ്ടായ മഴക്കെടുതിയിൽ വീടുകൾ തകർന്നവർക്ക് 1.5കോടി ദിർഹം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. വീട് തകർന്നവർക്ക് നഷ്ടപരിഹാരം 50,000 ദിർഹം വീതമായി ഉയർത്താനും കഴിഞ്ഞ ദിവസം അദ്ദേഹം നിർദേശം നൽകി. ഷാർജ റേഡിയോയിലും ടെലിവിഷനിലും ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ‘ഡയറക്ട് ലൈൻ’ പരിപാടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുവരെ 618 കേസുകൾക്ക് നഷ്ടപരിഹാരം നൽകിയതായി ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ അറിയിച്ചു.
ആകെ 15,33,0000 ദിർഹമാണ് നഷ്ടപരിഹാരമായി അനുവദിച്ചിട്ടുള്ളത്. ഇത് അർഹരായവർക്ക് എത്രയും വേഗത്തിൽ വിതരണം ചെയ്യണമെന്ന് ഷാർജ സോഷ്യൽ സർവിസസ് വകുപ്പിന് ശൈഖ് സുൽത്താൻ നിർദേശം നൽകി. നേരത്തെ ഷാർജ ഭരണാധികാരിയുടെ നിർദേശപ്രകാരം മഴക്കെടുതിയുടെ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തിയിരുന്നു. ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ഭാവി സാഹചര്യങ്ങൾ നേരിടുന്നതിന് പദ്ധതികൾ തയാറാക്കുകയും ചെയ്തിരുന്നു. അതോടൊപ്പം മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വീടുകൾക്ക് സഹായം ലഭിക്കുന്നതിന് ഷാർജ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാമെന്നും അറിയിക്കുകയുണ്ടായി. നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ട് പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുകയും ഇതനുസരിച്ച് സഹായം നൽകുകയും ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയത്. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴക്കാണ് ഏപ്രിലിൽ യു.എ.ഇ സാക്ഷ്യം വഹിച്ചത്. ഇതിൽ വലിയ നാശനഷ്ടമാണ് ഷാർജ അടക്കമുള്ള എമിറേറ്റുകളിലെ ചില സ്ഥലങ്ങളിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.