ദുബൈയിൽ ഒന്നര ലക്ഷത്തിലേറെ ഗോൾഡൻ വിസക്കാർ
text_fieldsദുബൈ: 2019 മുതൽ ഈ വർഷംവരെ ഇതിനകം 1,51,600 ഗോൾഡൻ വിസകൾ അനുവദിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) അറിയിച്ചു.
പ്രവാസികൾക്ക് പഠിക്കാനും ജോലി ചെയ്യാനും താമസിക്കാനും സഹായിക്കുന്ന 10 വർഷ കാലാവധിയുള്ള വിസയാണ് ഗോൾഡൻ വിസ. നിരവധി ആനുകൂല്യങ്ങൾ കൂടി ലഭിക്കുന്നതാണ് പ്രവാസികൾ കൂടുതലായി ഇതിലേക്ക് ആകർഷിക്കപ്പെടാൻ കാരണമായത്.
കഴിഞ്ഞവർഷം മുതലാണ് ഏറ്റവും കൂടുതൽ അപേക്ഷകർ ഇതിന് ലഭിച്ചത്. ആരോഗ്യപ്രവർത്തകർ, സാംസ്കാരിക വ്യക്തിത്വങ്ങൾ, കേഡർമാർ, മറ്റു രംഗങ്ങളിലെ വിദഗ്ധർ എന്നിവർക്കാണ് പ്രധാനമായും ഗോൾഡൻ വിസ ലഭിച്ചത്. ജി.ഡി.ആർ.എഫ്.എ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഗോൾഡൻ വിസക്കാരുടെ മുഴുവൻ എണ്ണം വെളിപ്പെടുത്തിയത്.
ഈ വർഷം 1.5കോടി എൻട്രി, റെസിഡൻസി പെർമിറ്റുകൾ അതോറിറ്റി നൽകിയിട്ടുണ്ടെന്നും ഇത് 2020-2021നെ അപേക്ഷിച്ച് 43 ശതമാനം വർധനയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എമിറേറ്റിലെ താമസക്കാരുടെ എണ്ണം വർധിച്ചതായാണ് ഇത് വ്യക്തമാക്കുന്നത്. ഉപഭോക്താക്കളുടെ സന്തോഷവും എളുപ്പവും പരിഗണിച്ച് നിരവധി പദ്ധതികളും ഈ വർഷം നടപ്പാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഇവയിൽ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത് പേപ്പർ ഉപയോഗം കുറക്കുന്നതിനുള്ള പദ്ധതികളാണ്. ഇതിലൂടെ സേവനങ്ങളുടെ ഭാഗമായ പേപ്പർ ഉപയോഗം 100 ശതമാനവും കുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജീവനക്കാരുടെ സന്തോഷത്തിന്‍റെയും കോർപറേറ്റ് വഴക്കത്തിന്‍റെയും നിരക്കുകൾ കഴിഞ്ഞ വർഷം 93 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിലാണെന്നും അധികൃതർ വ്യക്തമാക്കി.
വകുപ്പിന്‍റെ നേട്ടങ്ങൾക്ക് കാരണം ആത്മാർഥമായി ജോലിചെയ്യുന്ന എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനമാണെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. കോവിഡ് കാലത്തിനു മുമ്പ് ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷമാണ് ഗോൾഡൻ വിസക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് പലരും ദുബൈയിലേക്ക് കുടിയേറുന്നതിനും ഇത് പ്രചോദനമായി. കുടുംബത്തെ കൂടി സ്പോൺസർ ചെയ്യാമെന്നതടക്കമുള്ള സൗകര്യങ്ങളാണ് പ്രവാസികളെ ആകർഷിച്ചത്. അപേക്ഷ സമർപ്പിച്ചവരെ കൂടാതെ കോവിഡ് കാലത്ത് ആരോഗ്യരംഗത്ത് മുൻനിര സേവനം ചെയ്തതിനും പഠനത്തിൽ മികച്ച വിജയം നേടിയതിനും മലയാളികളടക്കം നിരവധിപേർക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.