ഷാർജ റമദാൻ നൈറ്റ്സിൽ 1.5 ലക്ഷം സന്ദർശകർ
text_fieldsഷാർജ: റമദാനിലെ വാർഷിക പരിപാടിയായ ഷാർജ റമദാൻ നൈറ്റ്സിന്റെ 41ാമത് എഡിഷൻ സമാപിച്ചു. ഷാർജ എക്സ്പോ സെന്ററിൽ കഴിഞ്ഞ മാസം ആരംഭിച്ച് ബുധനാഴ്ച സമാപിച്ച പ്രദർശനത്തിൽ ഇത്തവണ 1.5ലക്ഷത്തിലേറെ സന്ദർശകർ ഒഴുകിയെത്തിയെന്ന് അധികൃതർ വെളിപ്പെടുത്തി.
ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ ഷാർജ എക്സ്പോ സെന്റർ സംഘടിപ്പിച്ച ‘റമദാൻ നൈറ്റ്സ് 2024’ൽ വിനോദ വിജ്ഞാന പരിപാടികൾക്കൊപ്പം മികച്ച ഷോപ്പിങ് അനുഭവം കൂടി സമ്മാനിക്കുന്ന തരത്തിലാണ് സംവിധാനിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം വർധനവാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടായതെന്ന് അധികൃതർ പറഞ്ഞു.
10,000ത്തിലധികം ഉൽപന്നങ്ങൾ 75ശതമാനം വരെ വിലക്കുറവിൽ നൽകുന്നതോടൊപ്പം പ്രത്യേക സമ്മാനങ്ങളും പ്രമോഷനുകളും പ്രദർശനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
റമദാനിലും പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും വലിയ തിരക്കാണ് പ്രദർശന വേദിയിൽ അനുഭവപ്പെട്ടത്. പരമ്പരാഗത വസ്ത്രങ്ങൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പാനീയങ്ങൾ, ജനപ്രിയ റമദാൻ വിഭവങ്ങൾ എന്നിവയാണ് പ്രദർശനത്തിലുൾപ്പെടുത്തിയത്.
അറബ് പൈതൃകം വ്യക്തമാക്കുന്ന ഹെറിറ്റേജ് വില്ലേജും സന്ദർശകർക്കായി ഒരുക്കിയിരുന്നു. വൈവിധ്യമാർന്ന പൈതൃക പരിപാടികൾക്കും കലാപരിപാടികൾക്കും ഹെറിറ്റേജ് വില്ലേജ് വേദിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.