അപകടസ്ഥലത്ത് അതിവേഗ ഇടപെടൽ; പദ്ധതിയിൽ 15 റോഡുകൾ കൂടി
text_fieldsദുബൈ: റോഡ് അപകട സ്ഥലങ്ങളിലും മറ്റും അതിവേഗ ഇടപെടൽ നടത്തുന്ന സംഘത്തെ ദുബൈയിലെ 15 റോഡുകളിൽ കൂടി നിയമിക്കാൻ തീരുമാനം. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യും ദുബൈ പൊലീസും ചേർന്നാണ് ‘ട്രാഫിക് ഇൻസിഡന്റ്സ് മാനേജ്മെന്റ് പദ്ധതി’യുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ റോഡുകളെ ഉൾപ്പെടുത്തിയത്. 425 കിലോമീറ്റർ ദൈർഘ്യമുള്ള ദുബൈയിലെ 15 ഹൈവേകളും സുപ്രധാന തെരുവുകളും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇവിടങ്ങളിൽ അപകടങ്ങളോ വാഹനങ്ങൾക്ക് തകരാറോ സംഭവിച്ചാൽ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുന്ന സംഘം വേഗത്തിൽ ഇടപെടുകയും ഗതാഗത തടസ്സമില്ലാതെ വാഹനങ്ങൾ നീക്കുകയും ചെയ്യും.
നേരത്തേ നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യഘട്ടം പരിക്കേൽക്കുന്ന തരത്തിലുള്ള അപകടങ്ങളെ കുറച്ചുകൊണ്ടു വന്നിരുന്നു. ട്രാഫിക് അപകടങ്ങളിൽ പെടുന്നതോ തകരാർ സംഭവിക്കുന്നതോ ആയ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും അപകട സ്ഥലങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിനും പദ്ധതി ഉപകരിച്ചെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മത്വാർ അൽ തായർ പറഞ്ഞു. അപകടങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ നീക്കംചെയ്യുന്ന സമയം കുറക്കുന്നതിനും ദ്രുതഗതിയിലുള്ള ഇടപെടൽ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു.
അപകടങ്ങളെ തുടർന്ന് പെട്ടെന്നുണ്ടാകുന്ന തിരക്കിൽ തുടർ അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനും ഗുരുതരമായ സംഭവങ്ങളിൽ ട്രാഫിക് നിയന്ത്രിക്കുന്നതിന് പൊലീസിനെ സഹായിക്കാനും സംവിധാനം ഉപകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് റോഡുകളിൽ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനം ജനുവരി പകുതിയോടെ ആർ.ടി.എ ആരംഭിച്ചിട്ടുണ്ട്.
സുപ്രധാന റോഡുകളായ ശൈഖ് സായിദ് റോഡ്(ശൈഖ് റാശിദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ്), അൽ ഖൈൽ റോഡ്(ഘട്ടം-1), ദുബൈ-അൽഐൻ റോഡ്, അൽ യലായസ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ റിബാത്ത് റോഡ്, എയർപോർട്ട് റോഡ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
അൽ ഖൈൽ റോഡ്(ഘട്ടം-II), എമിറേറ്റ്സ് റോഡ്, ജബൽ അലി- ലെഹ്ബാബ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ റോഡ് എന്നിവയിൽ അടുത്തവർഷവും ദുബൈ-ഹത്ത റോഡ്, ഉമ്മു സുഖീം സ്ട്രീറ്റ്, എക്സ്പോ സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ് എന്നിവിടങ്ങളിൽ 2025ലുമാണ് പദ്ധതി രൂപപ്പെടുത്തുക. തിരക്കേറിയ സമയങ്ങളിലെ ട്രാഫിക് അപകടങ്ങൾ, വാഹനങ്ങൾ തകരാറിലാകുന്നതിന്റെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് റോഡുകളുടെ മുൻഗണനാക്രമം നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.