15ാം വാർഷിക നിറവിൽ ദുബൈ മെട്രോ
text_fieldsദുബൈ: എമിറേറ്റിലെ പൊതുഗതാഗത രംഗത്ത് വിപ്ലവാത്മക ചലനം സൃഷ്ടിച്ച ദുബൈ മെട്രോയുടെ 15ാം വാർഷികം ഗംഭീര ആഘോഷമാക്കാൻ ഒരുങ്ങി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
‘ട്രാക്കിലെ 15 വർഷം’ എന്ന ശീർഷകത്തിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ വിവിധ പ്രമോഷനുകൾ, സർപ്രൈസുകൾ, വിനോദപരിപാടികൾ, ലോക രാജ്യങ്ങളിൽ നിന്നെത്തിയ സന്ദർശകർക്കും നിവാസികൾക്കും സന്തോഷമേകുന്ന വിവിധ സംരംഭങ്ങൾ എന്നിവ ഉൾപ്പെടും. ലിഗോ മിഡിലീസ്റ്റ്, ലിഗോലാൻഡ് ദുബൈ, ഇഗ്ലു, അൽ ജാബിർ ഗാലറി, എമിറേറ്റ്സ് പോസ്റ്റ് എന്നിവരാണ് ഇത്തവണത്തെ ആഘോഷ പരിപാടികളുടെ സ്പോൺസർമാർ. ഇതിൽ എമിറേറ്റ്സ് പോസ്റ്റ് 15ാം വാർഷകത്തോടനുബന്ധിച്ച് സ്റ്റാമ്പ് ശേഖരിക്കുന്നവർക്കായി പ്രത്യേക പോസ്റ്റൽ സ്റ്റാമ്പുകൾ പുറത്തിറക്കും. കൂടാതെ കാമ്പയിൻ ലോഗോ പതിച്ച സ്പെഷൽ എഡിഷൻ നോൾ കാർഡ് പുറത്തിറക്കുമെന്നും ആർ.ടി.എ അറിയിച്ചു. ലിഗോ മിഡിലീസ്റ്റ് പ്രത്യേകമായി രൂപകൽപന ചെയ്തതാണ് സ്പെഷൽ നോൾ കാർഡ്.
‘മെട്രോ ബേബീസ്’ എന്ന പേരിൽ കുട്ടികൾക്കായി സെപ്റ്റംബർ 21ന് ലിഗോ ലാൻഡ് പ്രത്യേക ആഘോഷ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ദുബൈ മെട്രോ ആരംഭിച്ച വർഷമായ 09-09-2009ൽ ജനിച്ച കുട്ടികളെ ലക്ഷ്യംവെച്ചാണ് ഈ ആഘോഷങ്ങൾ. ആ വർഷം ജനിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് ആർ.ടി.എയുടെ www.rta.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
ദുബൈ മെട്രോയുടെ രൂപത്തിലുള്ള ലിമിറ്റഡ് എഡിഷൻ ഐസ്ക്രീമുകൾ പുറത്തിറക്കാനാണ് ഇഗ്ലുവിന്റെ തീരുമാനം. ഇതിൽ 5,000 ഐസ്ക്രീമുകളിൽ രഹസ്യകോഡ് പതിച്ച സ്റ്റിക്കുകൾ ഉൾപ്പെടുത്തും. ഈ കോഡ് കണ്ടെത്തുന്നവർക്ക് 5000 ദിർഹത്തിന്റെ നോൾ ടെർഹാൽ ഡിസ്കൗണ്ട് കാർഡുകൾ സമ്മാനമായി ലഭിക്കും.
കൂടാതെ വിവിധ മെട്രോ സ്റ്റേഷനുകളിൽ സെപ്റ്റംബർ 21 മുതൽ 27 വരെ വിവിധ സംഗീത പരിപാടികളും അരങ്ങേറും. ദുബൈ ഗവൺമെന്റ് മീഡിയ ഓഫിസിന്റെ ഭാഗമായ ബ്രാൻഡ് ദുബൈ സംഘടിപ്പിക്കുന്ന നാലാമത് മെട്രോ മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി ഇമാറാത്തി, അന്താരാഷ്ട്ര സംഗീതജ്ഞർ പങ്കെടുക്കുന്ന തൽസമയ സംഗീത വിരുന്നിൽ മെട്രോ യാത്രക്കാർക്ക് പങ്കെടുക്കാനുള്ള അവസരമുണ്ടാകും. ഓരോ വർഷവും ബ്രാൻഡ് ദുബൈ നടത്തുന്ന ഫെസ്റ്റിവലുകൾ സ്വദേശികളും വിദേശികളും അടങ്ങുന്ന ശ്രോതാക്കളെ ഏറെ ആകർഷിക്കാറുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.