പൊതുഗതാഗതം ഡിജിറ്റൽവത്കരിക്കാൻ 1.6 ശതകോടി
text_fieldsദുബൈ: എമിറേറ്റിലെ പൊതുഗതാഗത രംഗത്തെ സേവനങ്ങൾ മെച്ചപ്പെടുത്താനും പുതിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്ന സപ്തവർഷ ഡിജിറ്റൽ നയം പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). 2030ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് മൊത്തം 1.6 ശതകോടി ദിർഹമാണ് ചെലവ്. 82 പുതിയ പദ്ധതികളും സംരംഭങ്ങളുമാണ് പുതിയ നയത്തിന്റെ ഭാഗമായി നടപ്പാക്കുക.
ഏഴു വർഷത്തിനുള്ളിൽ നാലു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. 446 ദശലക്ഷം ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഏഴു പദ്ധതികൾ ഉൾപ്പെടുന്നതാണ് മുന്നൊരുക്ക ഘട്ടം. തുടർന്ന് ഒന്നാം ഘട്ടത്തിൽ 829 ദശലക്ഷം ദിർഹം മൂല്യം വരുന്ന 62 പദ്ധതികളും രണ്ടാം ഘട്ടത്തിൽ 248 ദശലക്ഷം ചെലവു വരുന്ന 10 പദ്ധതികളും മൂന്നാം ഘട്ടത്തിൽ 100 ദശലക്ഷം ചെലവു വരുന്ന മൂന്നു പദ്ധതികളും ഉൾപ്പെടും. പദ്ധതികളുടെ ഫലപ്രാപ്തിയും പുരോഗതിയും വിലയിരുത്താനായി ഏറ്റവും നൂതനമായ 12 സൂചകങ്ങളും ഉപയോഗിക്കും.
ജനങ്ങളുടെ സന്തോഷം, ഗുണനിലവാരമുള്ള ഡിജിറ്റൽ സേവനങ്ങൾ, ഡേറ്റ ഇന്റലിജൻസ്, സംയോജിത ഡിജിറ്റൽ ഓപറേഷൻസ്, മികച്ച ആസ്തി മാനേജ്മെന്റ്, നവീകരണവും പങ്കാളിത്തവും തുടങ്ങി ആറു സ്തംഭങ്ങളിൽ ഊന്നിയുള്ളതാണ് പുതിയ നയത്തിന്റെ ഘടന.
പൊതു ഗതാഗത രംഗത്തെ ഡിജിറ്റൽ പരിവർത്തനം, മെച്ചപ്പെട്ട ഡേറ്റ ഉപയോഗം, 100 ശതമാനം വേഗം കൈവരിക്കാൻ ഉതകുന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം തുടങ്ങി ആർ.ടി.എയുടെ ആഗോള നേതൃപരമായ കഴിവുകളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പൊതു ഗതാഗത രംഗം 100 ശതമാനം സാധ്യമാക്കുക, ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം 95 ശതമാനമായി ഉയർത്തുക, ആർ.ടി.എ ജീവനക്കാരുടെ നിപുണത 100 ശതമാനം ഡിജിറ്റലൈസ് ചെയ്യുക, 50 നിർമിതബുദ്ധി ഉപകരണങ്ങൾ വികസിപ്പിക്കുക തുടങ്ങിയവയാണ് ഉദ്ദേശ്യ ലക്ഷ്യങ്ങൾ.
ദുബൈയുടെ ക്ഷേമവും ആഗോള മത്സരക്ഷമതയും വളർത്താനും താമസക്കാർക്ക് വൈവിധ്യമാർന്ന സേവന ഓപ്ഷനുകൾ നൽകാനും ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വമാണ് ഈ ശ്രമങ്ങളെ നയിക്കുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തെ ഏറ്റവും മികച്ച നഗരമായി ദുബൈയുടെ സ്ഥാനം ഉയർത്താനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂതനവും ആധുനികവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം, ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഏറ്റെടുക്കൽ, നൂതനവും ഗുണനിലവാരമുള്ളതുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തൽ എന്നിവയിൽ ആർ.ടി.എയുടെ പുരോഗമനപരമായ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.