ദുബൈയിൽ 1.6 കി.മീറ്റർ നീളത്തിൽ പുതിയ ടണൽപാത
text_fieldsദുബൈ: അതിവേഗം വികസിക്കുന്ന നഗരത്തിന്റെ ഗതാഗത മേഖലക്ക് കരുത്ത് പകരുന്നതിന് 1.6 കി.മീറ്റർ നീളത്തിൽ പുതിയ ടണൽ പാത നിർമിക്കുന്നു. ഗതാഗതക്കുരുക്ക് വലിയ രീതിയിൽ കുറക്കുന്നതിന് സഹായിക്കുന്ന അൽ ഖലീഫ് സ്ട്രീറ്റ് ടണൽ പദ്ധതിക്ക് നൽകിയതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു. ടണലിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും.
ദേര ഇൻഫിനിറ്റി ബ്രിഡ്ജ് റാമ്പിന്റെ അവസാനം മുതൽ അൽ ഖലീജ്, കെയ്റോ സ്ട്രീറ്റുകളുടെ ജങ്ഷൻ വരെ നീളുന്നതാണ് പുതുതായി നിർമിക്കുന്ന ടണൽ. നിർമാണം എപ്പോൾ പൂർത്തിയാകുമെന്നത് സംബന്ധിച്ച് ആർ.ടി.എ വെളിപ്പെടുത്തിയിട്ടില്ല.
അബൂഹെയ്ൽ, അൽ വുഹൈദ, അൽ മംസാർ, ദുബൈ ഐലൻഡ്സ്, ദുബൈ വാട്ടർ ഫ്രണ്ട്, വാട്ടർ ഫ്രണ്ട് മാർക്കറ്റ്, അൽ ഹംരിയ പോർട്ട് എന്നിവിടങ്ങളിലേക്ക് യാത്ര എളുപ്പമാക്കുന്നതാണ് പദ്ധതി. നിർമാണം പൂർത്തിയായാൽ കെയ്റോ, അൽ വുഹൈദ സ്ട്രീറ്റുകളുടെ ക്രോസിങ് റൗണ്ട് എബൗട്ടിൽ നിന്ന് സിഗ്നലൈസ്ഡ് കവലയിലേക്ക് മാറും. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് ടണൽ നിർമിക്കുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. അഞ്ചു ഘട്ടങ്ങളായാണ് നിലവിൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
നഗരത്തിലെ പ്രധാന ഭാഗങ്ങളായ ദേര, ബർദുബൈ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ എളുപ്പമാക്കുന്നതോടൊപ്പം ദേര ദ്വീപുകൾ, ദുബൈ സീഫ്രണ്ട്, ദുബൈ മാരിടൈം സിറ്റി, പോർട്ട് റാഷിദ് തുടങ്ങിയ സമീപ പ്രദേശങ്ങൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ 2030ൽ യാത്രാസമയം 104 മിനിറ്റിൽനിന്ന് 16 മിനിറ്റായി കുറയും. ഷിന്ദഗ ഇടനാഴി വികസനത്തിലെ പ്രധാനപ്പെട്ട പദ്ധതികൾ നേരത്തെതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.