കഴിഞ്ഞ വർഷം 1690 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാട്
text_fieldsഅജ്മാന്: കഴിഞ്ഞ വര്‍ഷം അജ്മാനില്‍ നടന്നത് 1690 കോടി ദിര്‍ഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്. ആകെ 11,474 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രജിസ്റ്റർ ചെയ്തതായി ഡിപ്പാർട്മെന്റ് ഓഫ് ലാൻഡ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് റഗുലേഷനാണ് വ്യക്തമാക്കിയത്. മുൻ വർഷത്തേക്കാൾ 43 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2022ല്‍ 8,675 ഇടപാടുകളില്‍ നിന്നായി 1020 കോടി ദിര്‍ഹമാണ് രേഖപ്പെടുത്തിയിരുന്നത്. അൽ നഖീൽ-2ലെ ഏറ്റവും ഉയർന്ന വിൽപന 13.6 കോടി ദിർഹമാണ്. 2023ൽ അജ്മാൻ എമിറേറ്റ് വിവിധ മേഖലകളിൽ പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ സമഗ്രമായ സാമ്പത്തിക കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചതായി ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് മേധാവി ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.
വിവിധ വിഭാഗങ്ങളിലെ നിക്ഷേപകരെ പിന്തുണക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ ബിസിനസ് അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ അജ്മാൻ ഒരു മുൻനിര നിക്ഷേപ കേന്ദ്രമെന്ന നിലയിൽ സ്ഥാനമുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായതായി അദ്ദേഹം പറഞ്ഞു. അജ്മാൻ വിവിധ മേഖലകളിൽ സമഗ്രമായ വികസനം കൈവരിക്കുന്നതിലേക്ക് സുസ്ഥിരമായി നീങ്ങുകയാണെന്ന് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ എൻജി. ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. 2023ൽ 480 കോടി മൂല്യമുള്ള 1,971 മോർട്ട്ഗേജ് ഇടപാടുകൾ രജിസ്ട്രേഷൻ നടത്തി. ഏറ്റവും ഉയർന്ന മോർട്ട്ഗേജ് മൂല്യം 221 ദശലക്ഷം ദിർഹമാണ്. താമസ കേന്ദ്രങ്ങളുടെ പട്ടികയിൽ റാഷിദിയ-1 ഏരിയയും യാസ്മിൻ ഏരിയയും ഒന്നാമതെത്തി. ഏറ്റവുമധികം വ്യാപാരം നടക്കുന്നത് അൽ സാഹിയ, അൽ ഹീലിയോ-2 എന്നിവിടങ്ങളിലാണ്. എമിറേറ്റ്സ് സിറ്റി പദ്ധതി ഏറ്റവും ജനപ്രിയമായ പ്രധാന പദ്ധതികളുടെ പട്ടികയിലും ഒന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.