അബൂദബിയിലെ 17 ശതമാനം ഡ്രൈവർമാർ കുഴപ്പക്കാർ; പിടിക്കപ്പെട്ടാൽ 1000 ദിർഹം പിഴ
text_fieldsഅബൂദബി: അബൂദബിയിലെ ഡ്രൈവർമാരിൽ 17 ശതമാനവും സ്കൂൾ ബസുകൾ കുട്ടികളെ കയറ്റാനും ഇറക്കാനും നിർത്തുന്ന വേളകളിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവരാണെന്ന് സർവേ.
സ്കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള ഡ്രൈവർമാരുടെ പെരുമാറ്റങ്ങളെക്കുറിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ അഭിപ്രായ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. അബൂദബി പൊലീസിെൻറ സുരക്ഷാ മാധ്യമവിഭാഗം ആണ് സർവേ നടത്തിയത്.
സ്റ്റോപ് സിഗ്നലുകളുകളിൽ വാഹനം നിർത്താൻ തയാറാവാത്ത ചില ഡ്രൈവർമാരുടെ സ്വഭാവം സ്കൂൾ ബസുകൾ ഉപയോഗിക്കുന്ന കുട്ടികളുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്ന് സുരക്ഷാ മാധ്യമ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു. സ്കൂൾ ബസുകളുമായി ബന്ധപ്പെട്ട് നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കാൻ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ തയാറാവണമെന്നും ഇതിലൂടെ വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമം ലംഘിച്ചു പിടിയിലാവുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂൾ ബസുകൾ നിർത്തുന്ന സമയത്ത് പാതയുടെ ഇരുവശത്തും അഞ്ച് മീറ്റർ അകലെ മറ്റു വാഹനങ്ങൾ പൊലീസ് നിർത്തിയിടീക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ ബസുകളിലെ സ്റ്റോപ് അടയാളങ്ങൾ അവഗണിക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ 10 ബ്ലാക്ക് പോയൻറുകളും രേഖപ്പെടുത്തും.
കുട്ടികളെ വാഹനത്തിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്കൂൾ ബസിൽ സ്റ്റോപ് അടയാളം ഡ്രൈവർമാർ നിർബന്ധമായി പ്രദർശിപ്പിച്ചിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബസിൽ സ്റ്റോപ് അടയാളം പ്രദർശിപ്പിക്കാത്ത ഡ്രൈവർമാരിൽനിന്ന് 500 ദിർഹം പിഴ ഈടാക്കുകയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയൻറുകൾ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിർദിഷ്ട ഇടങ്ങളിൽ ഡ്രൈവർമാർ ബസ് നിർത്തി കുട്ടികളെ സുരക്ഷിതരായി വാഹനത്തിൽ കയറാനും സീറ്റുകളിൽ ഇരിക്കാനും അവസരം നൽകണം. സ്കൂളിൽ എത്തിക്കഴിഞ്ഞാൽ സുരക്ഷിതമായി അവർ ബസിൽനിന്ന് ഇറങ്ങുന്നുണ്ടെന്ന് ഡ്രൈവർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.