ഈ വർഷം ദുബൈയിൽ മരിച്ചത് 18 ഡെലിവറി റൈഡർമാർ
text_fieldsദുബൈ: കഴിഞ്ഞ 11 മാസത്തിനിടെ ദുബൈയിൽ നടന്ന വിവിധ റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 18 ഡെലിവറി റൈഡമാർക്ക്. കഴിഞ്ഞ വർഷവും 18 പേർ കൊല്ലപ്പെട്ടിരുന്നു. ദുബൈയിൽ ഡെലിവറി റൈഡർമാർ ഉൾപ്പെട്ട ട്രാഫിക് അപകടങ്ങളുടെ എണ്ണം ഈ വർഷം 77,227 ആണെന്നും ദുബൈ പൊലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ വർഷമിത് 60,471 ആയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന ട്രാഫിക് ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് ദുബൈ പൊലീസ് അപകടങ്ങളുടെ കണക്കുകൾ പുറത്തുവിട്ടത്. ട്രാഫിക് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കണമെന്നും പൊലീസ് ഡെലിവറി റൈഡർമാരെ ഓർമിപ്പിച്ചു.
അതേസമയം, കഴിഞ്ഞ നാല് വർഷത്തിനിടെ റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റത് 181 ഡെലിവറി റൈഡർമാർക്കാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള ലൈൻമാറ്റം, പരസ്പരമുള്ള മത്സരയോട്ടം, തൊട്ടടുത്ത് നിന്നുള്ള ഓവർടേക്കിങ് എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച കേസിൽ ഈ വർഷം ഇതുവരെ 26,382 ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷമിത് 12,209 ആയിരുന്നു.
കൂടാതെ ഈ വർഷം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടത് 428 തവണയാണെന്നും കഴിഞ്ഞ വർഷമിത് 385 ആയിരുന്നുവെന്നും ദുബൈ ട്രാഫിക് പൊലീസ് വെളിപ്പെടുത്തി. ചില ഡെലിവറി റൈഡർമാരുടെ നിയമലംഘനങ്ങൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നുണ്ട്.
നിയമങ്ങൾ പാലിക്കുകയും റോഡുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ലൈനുകൾ നിർബന്ധമായും പാലിക്കുകയും ചെയ്യുന്നത് എല്ലാവരുടെയും സുരക്ഷക്ക് നിർണായകമാണെന്ന് ദുബൈ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.