അജ്മാൻ ഫ്രീ സോണുകളുടെ ലാഭത്തിൽ 18ശതമാനം വർധന
text_fieldsഅജ്മാൻ: എമിറേറ്റിലെ ഫ്രീസോണുകളുടെ ലാഭത്തിൽ ഈ വർഷം ആദ്യ പകുതിയിൽ 18 ശതമാനം വളർച്ച രേഖപ്പെടുത്തി. സാമ്പത്തിക വൈവിധ്യവത്കരണം ശക്തിപ്പെടുത്തിയും എമിറേറ്റിലെ നിക്ഷേപ-വ്യാപാര മേഖലയെ പ്രോത്സാഹിപ്പിച്ചും അജ്മാനിലെ ഫ്രീ സോൺ അതോറിറ്റി നടപ്പാക്കിയ നടപടികളുടെ ഫലമായാണ് നേട്ടം കൈവരിക്കാനായത്.
എമിറേറ്റിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണത്തിൽ 70 ശതമാനം വളർച്ചയാണ് അതോറിറ്റി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സേവന നിലവാരം ഉയർത്തുന്നതിനും ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള നടപടികളുടെ വിജയമാണ് ഈ ശ്രദ്ധേയമായ ഫലങ്ങളെന്ന് അജ്മാൻ ഫ്രീ സോൺ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.
നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും എമിറേറ്റിലെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അജ്മാൻ സർക്കാറിന്റെ പദ്ധതികളോട് ചേർന്ന് സുസ്ഥിര വളർച്ച കൈവരിക്കാനുള്ള അതോറിറ്റിയുടെ കഴിവിനെ ഈ ഫലങ്ങൾ അടിവരയിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേട്ടം അജ്മാൻ ഫ്രീ സോണിന്റെ വൈവിധ്യമാർന്ന വരുമാന സ്രോതസ്സുകളെയും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കഴിവും വെളിപ്പെടുത്തുന്നതായി അതോറിറ്റി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിന് നൂതന പദ്ധതികൾ നടപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങൾ നടന്നുവരുകയാണെന്ന് ഫ്രീ സോൺ അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ നഖി പറഞ്ഞു.
കൃഷി, ഓട്ടോമോട്ടിവ്, കെമിക്കൽ, സാങ്കേതികവിദ്യ, നിർമാണം, വിദ്യാഭ്യാസം, വിനോദം, ഭക്ഷണ പാനീയങ്ങൾ, ആരോഗ്യ സംരക്ഷണം, ഇൻഷുറൻസ്, ആഭരണങ്ങൾ, നിയമ സേവനങ്ങൾ, സമുദ്രം, എണ്ണ, വാതകം, പേപ്പർ ആൻഡ് പാക്കേജിങ്, റിയൽ എസ്റ്റേറ്റ്, ഷിപ്പിങ്, ടെക്സ്റ്റൈൽസ് എന്നിവ ഉൾപ്പെടെ അജ്മാൻ ഫ്രീ സോണിലെ ബിസിനസ് മേഖല വൈവിധ്യ പൂർണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.