ഭരണമികവിൽ 19 വർഷം; പത്നിക്ക് ആദരമർപ്പിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: അസാധ്യമായതൊന്നുമില്ലെന്ന് ലോകത്തിന് മുന്നിൽ നിരന്തരം തെളിയിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇയുടെയും ദുബൈയുടെയും ഭരണചക്രമേന്തിയിട്ട് ഇന്നേക്ക് 19 വർഷം.
യു.എ.ഇ വൈസ് പ്രസിഡന്റായും പ്രധാനമന്ത്രിയായും ദുബൈ ഭരണാധികാരിയായും രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ശൈഖ് മുഹമ്മദ് 2006 ജനുവരി നാലിനാണ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തത്. ഇത്തവണത്തെ സ്ഥാനാരോഹണ ദിനം തന്റെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂമിനെ ആദരവർപ്പിച്ചുകൊണ്ടാണ് അദ്ദേഹം അടയാളപ്പെടുത്തിയത്.
എക്സ് അക്കൗണ്ടിൽ മനോഹരമായ കുറിപ്പും വിഡിയോ ചിത്രീകരണവും പങ്കുവെച്ചാണ് അദ്ദേഹം ആദരമർപ്പിച്ചത്. എല്ലാ വർഷവും ജനുവരി നാല്, പരമ്പരാഗതമായ സ്ഥാനാരോഹണ ദിനാഘോഷങ്ങൾക്ക് പകരം വ്യത്യസ്തമായ ആദരവുകൾ അർപ്പിക്കുകയാണ് ചെയ്യാറുള്ളത്.
ഈ വർഷം എന്റെ ഭാര്യ ശൈഖ ഹിന്ദ് ബിൻത് മക്തൂമിന് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
അവർ എന്റെ ജീവിതത്തിലെ പങ്കാളി മാത്രമല്ല, എന്റെ പിന്തുണയും ശക്തിയും എല്ലാത്തിലും എപ്പോഴും എന്റെ കൂടെ നിന്നവളുമാണ് -അദ്ദേഹം കുറിച്ചു. ശൈഖുമാരുടെ മാതാവ്, എല്ലായ്പ്പോഴും ഒരു സുഹൃത്തും സഹയാത്രികയും ദയയുടെ ഉറവിടവുമാണവൾ.
എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള, ഉദാരമനസ്കതയുള്ള ആളുകളിൽ ഒരാളാണ് ശൈഖ ഹിന്ദ്.
അവൾ എന്റെ വീടിന്റെ അടിത്തറയും എന്റെ കുടുംബത്തിന്റെ ആണിക്കല്ലും എന്റെ യാത്രയിലുടനീളം ഏറ്റവും വലിയ പിന്തുണയുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ദീർഘവീക്ഷണമുള്ള ഭരണാധിപനായും പ്രതിസന്ധികളിൽ പതറാതെ നയിക്കുന്ന കപ്പിത്താനായും നന്മയുടെ പ്രചാരകനായും 19 വർഷമായി രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്ന ശൈഖ് മുഹമ്മദ്, യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെയും ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും കൂടെ പ്രവർത്തിച്ച് നേടിയെടുത്ത മികവാണ് ഭരണരംഗത്ത് പ്രകടിപ്പിച്ചത്.
അധികാരാരോഹണത്തിന്റെ എല്ലാ വാർഷികങ്ങളും ജനങ്ങളോടുള്ള പ്രതിജ്ഞ പുതുക്കാനും നാടിനോടുള്ള കടപ്പാട് ഉറക്കെപ്പറയാനുമാണ് അദ്ദേഹം വിനിയോഗിച്ചത്.
യു.എ.ഇയുടെ സ്ഥാപന കാലം മുതൽ വ്യത്യസ്ത ചുമതലകളും ഉത്തരവാദിത്തങ്ങളും വഹിച്ച അദ്ദേഹത്തിന്റെ കൈയൊപ്പ് രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.