19,200 കോടിയുടെ ബജറ്റിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം
text_fieldsദുബൈ: 2024-26 വർഷത്തേക്ക് 19,200 കോടിയുടെ ഫെഡറൽ ബജറ്റിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബൂദബിയിലെ ഖസർ അൽ വതൻ കൊട്ടാരത്തിൽ ചേർന്ന കാബിനറ്റ് മീറ്റിങ്ങാണ് വൻ വികസനം ലക്ഷ്യമിടുന്ന ബജറ്റിന് പച്ചക്കൊടി കാണിച്ചത്.
സാമൂഹിക വികസനത്തിനായി 42 ശതമാനം ഫണ്ട് വകയിരുത്തിയ ബജറ്റിൽ 39 ശതമാനം ഫണ്ട് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്കും 19 ശതമാനം അടിസ്ഥാന സൗകര്യ വികസനത്തിനും ധന, സാമ്പത്തിക ആസ്തികൾക്കും വേണ്ടിയാണ് നീക്കിവെച്ചത്. ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ അധ്യക്ഷനായ സാമ്പത്തിക സ്ഥിരത ബോർഡിനും കാബിനറ്റ് അംഗീകാരം നൽകി.
രാജ്യത്തെ സാമ്പത്തിക അതോറിറ്റികൾക്കിടയിലെ സ്ഥിരതയും സഹകരണവും പ്രോത്സാഹിപ്പിക്കുകയാണ് ബോർഡിന്റെ ലക്ഷ്യം. കൂടാതെ സാമ്പത്തിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും സമ്പദ് വ്യവസ്ഥയുടെ വികസനത്തിനായി സംഭാവന അർപ്പിക്കാൻ ധനകാര്യ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
മരുന്നുകൾ, ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ, പോഷകാഹാരം, സൗന്ദര്യവർധക വസ്തുക്കൾ, കാർഷിക, മൃഗസംരക്ഷണത്തിനായുള്ള വിവിധ ഉൽപന്നങ്ങൾ എന്നിവയുടെ നിയന്ത്രണവും ലൈസൻസിങ് സംവിധാനവും നിയന്ത്രിക്കുന്നതിനായി എമിറേറ്റ് ഡ്രഗ് കോർപറേഷൻ സ്ഥാപിക്കാനും കാബിനറ്റ് തീരുമാനിച്ചു.
മരുന്നുകളുടെ ഗവേഷണവും വികസനവും പ്രോത്സാഹിക്കുകയും യു.എ.ഇയെ വിശ്വസനീയമായ മരുന്നുൽപാദന രംഗത്ത് ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. കൂടാതെ മേഖലയിലേക്കുള്ള നിക്ഷേപം ആകർഷിക്കുകയും ഫാർമസ്യൂട്ടിക്കൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്യും. സർക്കാറിന്റെ ഡിജിറ്റൽ സർവിസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക നയത്തിനും കാബിനറ്റ് അംഗീകാരം നൽകി.
അന്താരാഷ്ട്ര സംഘടനകളുമായുള്ള 13 കരാറുകളും മന്ത്രിസഭ അംഗീകരിച്ചു. യു.എ.ഇ ധനകാര്യ സഹ മന്ത്രി, സെൻട്രൽ ബാങ്ക് ഗവർണർ, സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ, അബൂദബി ഗ്ലോബൽ മാർക്കറ്റ് ഡയറക്ടർ ബോർഡ് ചെയർമാൻ, ദുബൈ ഫിനാൻഷ്യൽ സർവിസ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ, ധനമന്ത്രാലയം അണ്ടർ സെക്രട്ടറി, സെൻട്രൽ ബാങ്ക് അസി. ഗവർണർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.