ഡെലിവറി റൈഡർമാർക്ക് 20 എ.സി വിശ്രമ കേന്ദ്രങ്ങൾ സജ്ജം
text_fieldsദുബൈ: ഡെലിവറി ഡ്രൈവർമാർക്കായി ശീതീകരിച്ച 20 വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആകെ 40 വിശ്രമ കേന്ദ്രങ്ങൾ നിർമിക്കാനായിരുന്നു പദ്ധതി. ഇവയിൽ ഇരുപത് എണ്ണത്തിന്റെ നിർമാണമാണ് പൂർത്തിയായത്.
ഹെസ്സ സ്ട്രീറ്റ്, അൽ ബർഷ, അൽ ബർഷ ഹൈറ്റ്സ്, കറാമ, റിഗ്ഗറ്റ് അൽ ബുത്തീൻ, ഉമ്മു സുഖൈം (ജുമൈറ 3), ജുമൈറ (അൽ വാസൽ റോഡ്), ദി ഗ്രീൻസ്, വേൾഡ് ട്രേഡ് സെന്റർ, അൽ റാശിദിയ, അൽ സത്വ, നാദ് അൽ ഹമർ, അൽ നഹ്ദ, ഊദ് മേത്ത, അറേബ്യൻ റാഞ്ചസ്, ഇന്റർനാഷനൽ സിറ്റി, ബിസിനസ് ബേ, ദുബൈ മറീന, അൽ ജദ്ദാഫ്, മിർദിഫ്, അൽ ഖവാനീജ് ലാസ്റ്റ് എക്സിറ്റ്, ദുബൈ മോട്ടോർ സിറ്റി, അൽ ഗർഹൂദ് എന്നീ മേഖലകളിലാണ് വിശ്രമ കേന്ദ്രങ്ങൾ പൂർത്തീകരിച്ചത്.
ഓരോ കേന്ദ്രത്തിലും പത്ത് പേർക്കിരിക്കാവുന്ന ഇരിപ്പിടം, കുടിവെള്ളം, ലഘു ഭക്ഷണം കിട്ടുന്ന വെൻഡിങ് മെഷീൻ, മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷൻ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വിശ്രമ കേന്ദ്രത്തിനടുത്തായി മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
ഗതാഗത സുരക്ഷ, ഡെലിവറി ഡ്രൈവർമാരുടെ ക്ഷേമം എന്നിവ ഉയർത്തുന്നതിനൊപ്പം റോഡപകടങ്ങൾ കുറക്കുകയുമാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
ഡെലിവറി ജോലി ചെയ്യുന്നവർക്ക് സുരക്ഷിതവും സുഗമവുമായ സാഹചര്യം സൃഷ്ടിക്കുന്നതിൽ ആർ.ടി.എ പ്രതിജ്ഞാബദ്ധമാണ്. വാഹനാപകടങ്ങൾ മൂലമുള്ള മരണ നിരക്ക് പൂജ്യത്തിലേക്ക് കൊണ്ടുവന്ന് ദുബൈയെ ഗതാഗത സുരക്ഷയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി ഡെലിവറി രംഗത്തെ മികവിന് ആർ.ടി.എ 2022 മുതൽ ഡെലിവറി സർവിസ് എക്സലൻസ് അവാർഡ് നൽകിവരുന്നുണ്ട്. രണ്ട് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്.
ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് കമ്പനികൾക്കും സ്മാർട്ട് പ്ലാറ്റ്ഫോം, ആപ്ലിക്കേഷൻ വഴി ഡെലിവറി ചെയ്യുന്ന മൂന്ന് കമ്പനികൾക്കുമാണ് അവാർഡ് നൽകുന്നത്. രണ്ടാമത്തെ വിഭാഗത്തിൽ മികച്ച നൂറ് ഡ്രൈവർമാർക്കുമാണ് പുരസ്കാരം നൽകുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.