വിസ ക്വാട്ടയിൽ 20 ശതമാനം മറ്റ് രാജ്യക്കാർക്ക്: നിബന്ധനയിൽ ഇളവ് വന്നതായി സൂചന
text_fieldsദുബൈ: യു.എ.ഇയിൽ വിസ ക്വോട്ടയിൽ 20 ശതമാനം മറ്റ് രാജ്യക്കാർക്ക് മാറ്റിവെക്കണമെന്ന നിബന്ധനയിൽ ഇളവ് വന്നതായി സൂചന. കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ച പലർക്കും നേരത്തേ ലഭിച്ചിരുന്ന മുന്നറിയിപ്പ് സന്ദേശം ഇല്ലാതെ തന്നെ വിസ അനുവദിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് ടൈപ്പിങ് സെന്ററുകളും ട്രാവൽ ഏജൻസികളും വ്യക്തമാക്കുന്നത്. അതേസമയം, ചില സ്ഥാപനങ്ങൾക്ക് ഇനിയും വിസ ലഭിക്കുന്നതിൽ തടസ്സം നേരിടുന്നതായും റിപ്പോർട്ടുണ്ട്. വിസ ക്വോട്ടയുടെ ആദ്യ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള ജീവനക്കാരായിരിക്കണമെന്നായിരുന്നു നിർദേശം. ഇന്ത്യയിൽനിന്നുള്ള തൊഴിലന്വേഷകർക്ക് ഈ നിബന്ധന തിരിച്ചടിയാകുമെന്ന ആശങ്കയും വ്യാപകമായിരുന്നു. ഇന്ത്യക്കാർക്ക് യു.എ.ഇയിൽ വിസ നിയന്ത്രണമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണങ്ങൾക്കും ഇത് വഴിവെച്ചു.
അതേസമയം, സന്ദർശകർ, ഗാർഹിക തൊഴിലാളികൾ, ഫ്രീസോണിലുള്ളവർ, കുടുംബവിസക്കാർ എന്നിവർക്ക് നിയമം ബാധകമായിരുന്നില്ല. തൊഴിൽ മന്ത്രാലയം അനുവദിക്കുന്ന വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ മാത്രമായിരുന്നു പുതിയ നിബന്ധന അടങ്ങിയ സന്ദേശം ലഭിച്ചിരുന്നത്. ഇന്ത്യക്കാർക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലുള്ളവർക്കും ഈ നിബന്ധന ബാധകമാണെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.