വീടുകളുടെ അറ്റകുറ്റപ്പണിക്ക് 200 കോടി ദിർഹം
text_fieldsദുബൈ: കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിൽ തകർന്ന പൗരന്മാരുടെ വീടുകളുടെ അറ്റകുറ്റപ്പണിക്ക് 200 കോടി ദിർഹം അനുവദിച്ച് യു.എ.ഇ മന്ത്രിസഭ. നാശനഷ്ടം വിലയിരുത്താനും നഷ്ടപരിഹാരം വിതരണം ചെയ്യാനും മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബൂദബി ഖസ്ർ അൽ വത്നിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
രാജ്യം അഭിമുഖീകരിച്ച അസാധാരണ കാലാവസ്ഥയുടെ ആഘാതങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്. തുടർന്ന് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ച ശൈഖ് മുഹമ്മദ്, അഭൂത പൂർണമായ സാഹചര്യമാണ് രാജ്യം നേരിട്ടതെന്ന് പറഞ്ഞു.
സെൻട്രൽ ഓപറേഷൻ റൂമുകൾ വഴി 2 ലക്ഷം സംഭവങ്ങൾ മഴക്കെടുതിയിൽ റിപ്പോർട്ട് ചെയ്തുവെന്നും സുരക്ഷ, എമർജൻസി, ഇന്റീരിയർ ഏജൻസികളിൽ നിന്നുള്ള 17,000 അംഗങ്ങളും പ്രാദേശിക സംവിധാനങ്ങളിൽ നിന്നുള്ള 15,000 ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ടീമംഗങ്ങൾ ഇത് കൈകാര്യം ചെയ്യുന്നതിന് രംഗത്തിറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരും അസാധാരണമായ കാലാവസ്ഥ സാഹചര്യം നേരിടുന്നതിൽ സംഭാവന നൽകിയെന്നും കൂട്ടിച്ചേർത്തു.
അണക്കെട്ടുകൾ നിറയുകയും താഴ്വരകൾ മഴയിൽ ഒഴുകുകയും ഭൂഗർഭ ജലം ശേഖരിക്കാനാവുകയും ചെയ്തതുവഴി അസാധാരണമായ കാലാവസ്ഥ സാഹചര്യം രാജ്യത്തിന് നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വികസിത നഗരങ്ങളിൽ കനത്ത മഴയെ നേരിടുന്നത് എങ്ങനെയെന്നത് സംബന്ധിച്ചും ഏതെല്ലാം കാര്യങ്ങൾ മെച്ചപ്പെടുത്തണമെന്നതിനെ കുറിച്ചും ഭാവിയിൽ ഇതിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ചും വിലപ്പെട്ട പാഠങ്ങൾ പഠിക്കാനും സാഹചര്യം സഹായിച്ചുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച അടിയന്തര ദുരന്തനിവാരണ കേന്ദ്രങ്ങൾ, സുരക്ഷ, സൈനിക ഉദ്യോഗസ്ഥർ, സിവിൽ അധികാരികൾ, ഫെഡറൽ, പ്രാദേശിക സർക്കാറുകൾ, സന്നദ്ധപ്രവർത്തകർ, ഒപ്പം ഐക്യവും ഐക്യദാർഢ്യവും വലിയ സ്നേഹവും പ്രകടിപ്പിച്ച എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും നന്ദിയറിയിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.