ശൈഖ് സായിദ് സ്മരണയിൽ 2,000 കോടിയുടെ ജീവകാരുണ്യ പദ്ധതി
text_fieldsദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ മാനുഷിക കാഴ്ചപ്പാടിന് ആദരവായി 2,000കോടിയുടെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. ലോകത്താകമാനം നടപ്പാക്കുന്ന പദ്ധതി ശൈഖ് സായിദിന്റെ 20ാം അനുസ്മരണ ദിനമായ ശനിയാഴ്ചയാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചത്. ‘സായിദ് ഹുമാനിറ്റേറിയൻ ലെഗസി ഇനീഷ്യേറ്റിവ്’ എന്നുപേരിട്ട പദ്ധതി ഏറ്റവും ദുർബലരായ സമൂഹങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്.
ശൈഖ് സായിദിന്റെ അനുസ്മരണ ദിനമായ റമദാൻ 19ന് സായിദ് ജീവകാരുണ്യ ദിനമായി എല്ലാവർഷവും ആചരിച്ചുവരുന്നു. ഈ വർഷവും രാജ്യത്താകമാനം വിവിധ പരിപാടികളോടെ ദിനാചരണം നടന്നിരുന്നു. ഈ പശചാത്തലത്തിലാണ് അന്താരാഷ്ട്ര തലത്തിലെ വിപുലമായ പദ്ധതിയുടെ പ്രഖ്യാപനം നടന്നിരിക്കുന്നത്. യു.എ.ഇ സ്ഥാപക പിതാവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നത് തുടരുകയാണെന്നും, ശൈഖ് സായിദിന്റെ കരുതലിന്റെയും അനുകമ്പയുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതിയെന്നും ശൈഖ് മുഹമ്മദ് ‘എക്സ്’ അക്കൗണ്ടിൽ കുറിച്ചു.
ശൈഖ് സായിദ് ദിനത്തിൽ ഭരണാധികാരികളും പ്രമുഖരും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അനുസ്മരിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. രാഷ്ട്രപിതാവിന്റെ നന്മ നമ്മുടെ കൂടെയുണ്ടെന്നും ഓരോ കാരുണ്യപ്രവർത്തനത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിൽ കുറിച്ചു. പുതുതായി പ്രഖ്യാപിച്ച ‘സായിദ് ഹുമാനിറ്റേറിയൻ ലെഗസി ഇനീഷ്യേറ്റിവ്’ രാഷ്ട്രപിതാവിന്റെ മൂല്യങ്ങളുടെ തുടർച്ചയും ഏകീകരണവുമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശൈഖ് സായിദിന്റെ നേതൃത്വത്തിൽ 1971ൽ തന്നെ അബൂദബി വികസന ഫണ്ട് സ്ഥാപിതമായിരുന്നു. പിന്നീട് 1992ൽ സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സ്ഥാപിതമായി. അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന 33 വർഷത്തിനിടെ നൂറിലധികം രാജ്യങ്ങളിൽ യു.എ.ഇ സഹായമെത്തിച്ചിട്ടുണ്ട്. ഇപ്പോഴും ലോകത്താകമാനം വിവിധ രാജ്യങ്ങളിൽ യു.എ.ഇയുടെ സഹായപദ്ധതികൾ നടപ്പാക്കിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.