ഇന്ന് ദേശീയ ദിനം: പത്തിന ദേശീയ പദ്ധതി ശൈഖ് ഖലീഫ പുറത്തിറക്കി
text_fieldsഅബൂദബി: യു.എ.ഇയുടെ 44ാമത് ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പത്തിന ദേശീയ പദ്ധതി പുറത്തിറക്കി. ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്.
പൗരന്‍മാരുടെ ക്ഷേമവും സന്തോഷവും ഉറപ്പാക്കല്‍, രാജ്യത്തിന്‍െറ വരുമാനം വര്‍ധിപ്പിക്കല്‍, സ്ഥായിയും സന്തുലിതവുമായ ദേശീയ സമ്പദ്വ്യവസ്ഥ, ദേശീയ എണ്ണയിതര സമ്പദ്വ്യവസ്ഥ വികസിപ്പിക്കല്‍, വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച, ദേശീയ പദ്ധതികളുടെ സംയോജനം, സാമൂഹിക ഉത്തരവാദിത്ത ശീലം വളര്‍ത്തല്‍, ദേശീയ മാധ്യമ സംവിധാനം വളര്‍ത്താനുള്ള ശ്രമം ഇരട്ടിപ്പിക്കല്‍, യുവ സമൂഹത്തിനായുള്ള നിക്ഷേപം, ദേശീയ സുരക്ഷ നിലനിര്‍ത്തുന്നതിന് സമഗ്ര നിയമനിര്‍മാണവും നയങ്ങളും സ്ഥാപിക്കല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഗള്‍ഫിന്‍െറയും അറബ് രാജ്യങ്ങളുടെയും സുരക്ഷക്ക് നേരെയുള്ള എല്ലാ ഭീഷണികളും സഹോദര രാജ്യങ്ങളുമായി സഹകരിച്ച് നേരിടുമെന്നും ശൈഖ് ഖലീഫ പറഞ്ഞു. ഇതിന്‍െറ ഭാഗമായാണ് യമനില്‍ നിയമാനുസൃത ഭരണകൂടത്തെ നിലനിര്‍ത്തുന്നതിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ യു.എ.ഇ നിര്‍ണായക പങ്കുവഹിക്കുന്നത്. ധീരതയുടെയും സമ്പൂര്‍ണ പരിത്യാഗത്തിന്‍െറയും വിസ്മയകരമായ ഉദാഹരണങ്ങളാണ് സൈനികര്‍ കാഴ്ചവെക്കുന്നത്. രാജ്യത്തെയും അതിന്‍െറ മൂല്യങ്ങളെയും പ്രതിരോധിക്കുന്നതിന് ജീവന്‍ ബലികഴിച്ചും പോരാടി രക്തസാക്ഷികളാകുകയും ചെയ്തു. രക്തസാക്ഷികള്‍ ജീവന്‍ പണയം വെച്ചും എന്താണോ തുടങ്ങിവെച്ചത് അത് പൂര്‍ത്തീകരിക്കുന്നതിന് സമ്മുടെ ഹൃദയവും ചിന്തയും മക്കളെയും തയാറാക്കി നിര്‍ത്തണമെന്നും ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ ദേശീയ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ദിറാ അല്‍ വത്തന്‍ മാഗസിനില്‍ നല്‍കിയ വാര്‍ത്താകുറിപ്പില്‍ ശൈഖ് ഖലീഫ വ്യക്തമാക്കി.
രാജ്യങ്ങള്‍ക്കും സാമൂഹിക ജീവിതത്തിനും ഭീഷണിയുയര്‍ത്തുന്ന അപകടമാണ് ഭീകരത. പോരാടല്‍ നമ്മുടെ ഉത്തരവാദിത്തമാണ്. ഭീകരതക്കെതിരെ സഹോദരങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നുള്ള പോരാട്ടം തുടരും. രാജ്യത്തിന്‍െറ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന ഒന്നിനോടും അനുരജ്ഞനം ചെയ്യില്ല. നമ്മുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വിട്ടുവീഴ്ചയുണ്ടാകില്ല. കഴിഞ്ഞ 12 മാസം നേട്ടങ്ങളുടെയും വെല്ലുവിളികളുടേതുമായിരുന്നു. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ മാസം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള ശേഷി യു.എ.ഇ സമ്പദ്വ്യവസ്ഥക്കുണ്ട്. ഒരു വര്‍ഷമായി എണ്ണ വിപണിയില്‍ തുടരുന്ന അസ്ഥിരതയും അതിജീവിക്കും.
ഇറാന്‍ കൈയേറിയ യു.എ.ഇ ദ്വീപുകള്‍ സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിനോട് ഇറാന്‍ അനുകൂലമായാണ് പ്രതികരിച്ചത്. ഉഭയകക്ഷി ചര്‍ച്ചയിലൂടെയോ അന്താരാഷ്ട്ര മാധ്യസ്ഥത്തിലോ പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. ബഹ്റൈനിന്‍െറ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും ആഭ്യന്തര കാര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നിരാകരിക്കുന്നതിനുമൊപ്പമാണ് യു.എ.ഇ നിലകൊള്ളുന്നത്. ഈജിപ്തിന്‍െറ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണം. ഫലസ്തീനിയന്‍ സമൂഹത്തിനൊപ്പമാണ് യു.എ.ഇയെന്നും സ്വതന്ത്ര രാജ്യം സ്ഥാപിക്കാനും വിധി നിശ്ചയിക്കാനുമുള്ള ജനതയുടെ അവകാശത്തിനൊപ്പം നിലകൊള്ളുമെന്നും ശൈഖ് ഖലീഫ പറഞ്ഞു. അല്‍ അഖ്സ പള്ളിയില്‍ സമീപ കാലത്തായി ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെ അപലപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.