കഥകളി- കൂടിയാട്ടം ഉത്സവത്തിന് തിരശ്ശീലവീണു
text_fieldsദുബൈ: നാലു ദിവസമായി ദുബൈ ശൈഖ് സായിദ് റോഡിലെ വെല്ലിങ്ടണ്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ നടന്നുവന്ന ഒമ്പതാമത് അന്താരാഷ്ട്ര കഥകളി കൂടിയാട്ടം ഉത്സവത്തിന് ശനിയാഴ്ച രാത്രി തിരശ്ശീല വീണു.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ സഹകരണത്തോടെ, ഡീഷന്‍സ് ലൈവ് ഇവന്‍റ് മാനേജ്മെന്‍റ് നടത്തിയ ഉത്സവത്തില്‍ കേരളത്തില്‍ നിന്നുള്ള 35 ഓളം പ്രഗത്ഭ കലാകാരന്മാരും കലാകാരികളുമാണ് നാലു ദിനരാത്രങ്ങളില്‍ കേളി, കഥകളി, നങ്ങ്യാര്‍ക്കൂത്ത്, തായമ്പക തുടങ്ങിയ ശാസ്ത്രീയ കലാവാദ്യരൂപങ്ങള്‍ അവതരിപ്പിച്ചത്. യു.എ.ഇയിലെ ഒരു സംഘം കലാകാരന്മാരും ഇവരോടൊപ്പം ചേര്‍ന്നു. കൂടാതെ വിവിധ വിഷയങ്ങളില്‍ പ്രേക്ഷകരുടെ ആസ്വാദനശേഷി വര്‍ധിപ്പിക്കുന്ന പഠനപരിചയ ക്ളാസുകളുമുണ്ടായിരുന്നു.
കഥകളിയുടെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്ന കോട്ടയത്തു തമ്പുരാന്‍ രചിച്ച ബകവധം, കിര്‍മ്മീരവധം, കല്യാണസൗഗന്ധികം, നിവാതകവചകാലകേയവധം എന്നീ ആട്ടക്കഥകള്‍ ഏകദേശം പൂര്‍ണരൂപത്തില്‍ കേരളത്തിനു പുറത്ത് ആദ്യമായി ഒരേ വേദിയില്‍ നാലു ദിവസം അരങ്ങേറിയതായിരുന്നു ഉത്സവത്തിന്‍െറ പ്രധാന സവിശേഷത.
ശനിയാഴ്ച സമാപനചടങ്ങുകള്‍ക്ക് ശേഷം പനമണ്ണ ശശി, ചിറയ്ക്കല്‍ നിധീഷ് എന്നിവരവതരിപ്പിച്ച ഇരട്ടത്തായമ്പക കലാസ്വാദകരുടെ ഹൃദയം കവര്‍ന്നു.
ഉഷാ നങ്ങ്യാരുടെ നങ്ങ്യാര്‍ക്കൂത്ത്, സദനം ഭരതരാജന്‍, ചെര്‍പ്പുളശ്ശേരി ഹരിഹരന്‍ എന്നിവര്‍ മദ്ദളത്തിലും പനമണ്ണ ശശി, സദനം രാമകൃഷ്ണന്‍ എന്നിവര്‍ ചെണ്ടയിലും അവതരിപ്പിച്ച പതിഞ്ഞ കേളി,കലാമണ്ഡലം രാമന്‍ നമ്പൂതിരി പ്രധാനമേളക്കാരനായ മേളപ്പദം തുടങ്ങിയവ ഉത്സവത്തിന്‍െറ മാറ്റുകൂട്ടി.
കാവുങ്ങല്‍ ദിവാകരപ്പണിക്കര്‍, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ,കലാമണ്ഡലം മനോജ്, കലാമണ്ഡലം ഷണ്‍മുഖദാസ്, ഡോ. ഹരിപ്രിയ നമ്പൂതിരി, കലാമണ്ഡലം ആദിത്യന്‍, കലാമണ്ഡലം പ്രവീണ്‍ എന്നിവര്‍ കഥകളി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
കോട്ടക്കല്‍ നാരായണന്‍, കലാമണ്ഡലം ബാബു നമ്പൂതിരി, നെടുമ്പുള്ളി രാം മോഹന്‍, കോട്ടയ്ക്കല്‍ വേങ്ങേരി നാരായണന്‍ എന്നീ കഥകളി ഗായകരും എത്തിയിരുന്നു. മിഴാവില്‍ വി.കെ.കെ ഹരിഹരന്‍, കലാമണ്ഡലം രാജീവ്, കിഷോര്‍ പഴമ്പിള്ളി എന്നിവരും ഇടക്കയില്‍ കലാനിലയം ഉണ്ണിക്കൃഷ്ണനും ആരതി ഹരിഹരനും അകമ്പടിയായി. എം.ജെ ശ്രീചിത്രന്‍ കലകളെ പരിചയപ്പെടുത്തുകയും ആസ്വാദനക്ളാസ് നയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.