യു.എ.ഇയില്‍ പരക്കെ മൂടല്‍ മഞ്ഞ്; രാത്രി യാത്ര ഏറെ പ്രയാസം
text_fieldsഷാര്‍ജ: യു.എ.ഇയില്‍ പരക്കെ രാത്രിയില്‍ അനുഭവപ്പെടുന്ന ശക്തമായ മൂടല്‍മഞ്ഞ് യാത്രക്കാര്‍ക്ക് വിനയാകുന്നു. ദൂരകാഴ്ച്ചകള്‍ മറയുന്നത് കാരണം രാത്രിയിലെ യാത്ര ഏറെ പ്രയാസകരമാണിപ്പോള്‍. പുലര്‍ച്ചെയാണ് മഞ്ഞ് ശക്തമാകുന്നത്. വെയില്‍ മൂക്കും വരെ ഇത് തുടരുന്നതിനാല്‍ ശക്തമായ ഗതാഗത കുരുക്കിനും കാരണമാകുന്നു. ദീര്‍ഘദൂര റോഡുകളെയാണ് മഞ്ഞ് കൂടുതലായും ബാധിക്കുന്നത്. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത അനുവദിക്കപ്പെട്ട ഇത്തരം റോഡുകളില്‍ മഞ്ഞിറങ്ങുമ്പോള്‍ വാഹനങ്ങള്‍ ചീറിപ്പായുന്നത് വന്‍ ദുരന്തത്തിന് കാരണമാകുന്നു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മഞ്ഞു സമയത്തെ അമിത വേഗതയും മറിക്കടക്കലും ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അബുദബിയുടെ പടിഞ്ഞാറന്‍ മേഖലയിലേക്ക് പോകുന്ന പ്രധാന ഹൈവേയായ ദുബൈ-ഗുവൈഫാത്ത് റോഡില്‍ ശക്തമായ മൂടല്‍ മഞ്ഞാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ അനുഭവപ്പെട്ടത്. ദുബൈ-അബുദബി പാതയിലും മഞ്ഞ് ശക്തമായിരുന്നു. മഞ്ഞ്കാലത്ത് ഏറെ അപകടം പിടിച്ച മേഖലയാണ് ദുബൈ-അബുദബി റോഡിലെ ഗാന്‍തൂത് മേഖല.
മുന്നറിയിപ്പുകള്‍ പാലിക്കാത്തതാണ് മഞ്ഞ് കാല അപകടങ്ങളുടെ തോത് കൂട്ടാന്‍ പ്രധാന കാരണം. വടക്കന്‍ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ ദീര്‍ഘ ദൂര റോഡുകളിലും ശക്തമായ മൂടല്‍ മഞ്ഞാണിറങ്ങിയത്. ഷാര്‍ജ-കല്‍ബ റോഡിലാണ് ഇത് കൂടുതല്‍ ശക്തി ആര്‍ജിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. പട്ടണങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡുകളേയും മഞ്ഞ് വെറുതെ വിട്ടില്ല. പുറത്തിറങ്ങിയവര്‍ക്ക് പരസ്പരം കാണാന്‍ കഴിയാത്ത വിധം ശക്തമായിരുന്നു മൂടല്‍ മഞ്ഞ്.
ശീതകാല അവധിക്ക് സ്കൂളുകള്‍ അടച്ചത് കാരണം കുട്ടികള്‍ മഞ്ഞ് വീഴ്ച്ചയില്‍ നിന്ന് തത്കാലം രക്ഷപ്പെട്ടിരിക്കുകയാണ്. മഞ്ഞ് കാല രോഗങ്ങള്‍ പെട്ടെന്ന് പിടികൂടുന്നത് കുട്ടികളെയാണ്. എന്നാല്‍ രാവിലെ നിര്‍മാണ മേഖലകളിലേക്ക് മറ്റും ജോലിക്ക് പോകുന്നവര്‍ക്ക് വലിയ പ്രയാസമാണ് മഞ്ഞ് വീഴ്ച്ച. അലര്‍ജിക്കാരേയും ആസ്തമ രോഗികളെയുമാണ് മഞ്ഞ് ഞെരുക്കികളയുന്നത്.
പ്രധാനപാതകളില്‍ മഞ്ഞിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പാതവിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ മഞ്ഞ് ഇവയേയും തോല്‍പ്പിക്കും. മുടല്‍ മഞ്ഞ് വരും ദിവസങ്ങളിലും തുടരുമെന്നും ഇതിലും ശക്തമായി അനുഭവപ്പെടാന്‍ സാധ്യതയുണ്ട് എന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ് . ഇത് മുഖവിലക്കെടുത്ത് വേണം വാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍. കാല്‍നടയാത്രക്കാരാണ് ഏറെ ജാഗ്രത പാലിക്കേണ്ടത്. ഒരു കാരണവശാലും റോഡിലേക്ക് ഇറങ്ങി നടക്കരുത്. നടപാതകളിലൂടെ മാത്രം നടക്കുക. സൈക്കിള്‍ യാത്രക്കാര്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്ന സമയമാണ് മഞ്ഞ് കാലം.വാഹനങ്ങളിലുള്ളവര്‍ക്ക് പലപ്പോഴും മുന്നിലുള്ള സൈക്കിളുകള്‍ കാണാന്‍ സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.