രാജ്യം നിറയെ പാറി ചതുര്‍വര്‍ണം
text_fieldsഅബൂദബി/ദുബൈ: അതൊരു മനോഹര കാഴ്ച മാത്രമായിരുന്നില്ല. പെറ്റു വീണ നാടിനോടും പോറ്റമ്മയായ ദേശത്തോടുമുള്ള ഐക്യദാര്‍ഢ്യവും സ്നേഹാദരവുമായിരുന്നു ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് രാജ്യമെങ്ങും നിറഞ്ഞുനിന്നത്. പതാക ദിനമായ ഇന്നലെ സര്‍ക്കാര്‍ ഓഫിസുകളിലും സ്കൂളുകളിലും സര്‍വകലാശാലകളിലും വീടുകളിലും കെട്ടിടങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലുമെല്ലാം ഒരേ സമയം ദേശീയ പതാക ഉയര്‍ന്നു. ചുവപ്പ്, പച്ച, കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള ദേശീയപതാക ഏഴ് എമിറേറ്റിലും ഉയര്‍ന്നുപൊങ്ങിയതോടെ രാജ്യത്തിന്‍െറ ഐക്യത്തിന്‍െറയും അഖണ്ഡതയുടെയും പ്രതീകമായി മാറി.
ദുബൈ അല്‍ഖോര്‍ പാര്‍ക്കില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പതാക ഉയര്‍ത്തുമ്പോള്‍ 100 രാജ്യങ്ങളില്‍ നിന്നുള്ള 5000 കുട്ടികളായിരുന്നു സാക്ഷികളായുണ്ടായിരുന്നത്. രാജ്യത്തോടുള്ള കടമ ഓര്‍മപ്പെടുത്തിയ ശൈഖ് മുഹമ്മദ് ദേശീയ മുല്യങ്ങളുടെ ആഘോഷമാണ് പതാകദിനമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍െറ കരുത്തിന്‍െറയും ഐക്യത്തിന്‍െറയും പ്രതീകമാണ് ദേശീയ പതാക. അത് സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയൂം ബാധ്യതയാണ്. രാജ്യത്തെ സംരക്ഷിക്കുന്നതിനൊപ്പം എല്ലാ മേഖലകളിലും കൂടുതല്‍ ഉയരങ്ങളിലത്തൊനും നമുക്ക് സാധിക്കണം-അദ്ദേഹം പറഞ്ഞു.
ഫെഡറല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും എമിറേറ്റുകളിലെ സര്‍ക്കാര്‍ ഓഫിസുകളിലും പൊലീസ് ആസ്ഥാനങ്ങളിലും കസ്റ്റംസ് ഓഫിസുകളിലും പശ്ചിമ മേഖലയിലെ അല്‍ ബറക്ക ആണവോര്‍ജ നിലയത്തിലും ഗതാഗത വകുപ്പിന്‍െറയും വിദ്യാഭ്യാസ വകുപ്പിന്‍െറയും ഓഫിസുകളിലും ഷാര്‍ജയിലെയും അല്‍ഐനിലെയും അബൂദബിയിലെയും ഫുജൈറയിലെയും സര്‍വകലാശാലകളിലുമെല്ലാം ഉത്സവാന്തരീക്ഷത്തിലാണ് ദേശീയ പതാക ഉയര്‍ത്തല്‍ നടന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യുവാക്കളും വിദ്യാര്‍ഥികളും എല്ലാം ദേശീയ പതാകയുടെയും പ്രാധാന്യവും യു.എ.ഇയുടെ മഹത്വവും ഉള്‍ക്കൊണ്ട് ഒത്തുചേര്‍ന്നു.
ദുബൈ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പതാക ഉയര്‍ത്തി. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഫുജൈറ ആസ്ഥാനത്ത് മന്ത്രി സഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ് പതാക ഉയര്‍ത്തി. വിവിധ വകുപ്പുകളുടെ ആസ്ഥാനങ്ങളില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അധികാരമേറ്റ ദിവസത്തിന്‍െറ ഓര്‍മയുടെ ഭാഗമായാണ് ചൊവ്വാഴ്ച യു.എ.ഇ പതാക ദിനമായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.